മുംബൈ: രണ്ട് വർഷത്തോളം ബോളിവുഡിൽനിന്ന് മാറിനിന്ന പ്രിയങ്ക ചോപ്രയ്ക്ക് താക്കീതുമായി കരീന കപൂർ. പ്രിയങ്കയോട് വന്ന വഴി മറക്കരുത് എന്നാണ് കരീന കപൂർ പറഞ്ഞത്. കരണ്‍ ജോഹർ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരണ്‍ എന്ന ടിവി ഷോയിലാണ് ബോളിവുഡിലെ താരസുന്ദരികളായ പ്രിയങ്കയും കരീനയും ഏറ്റുമുട്ടിയത്. 

നടൻ വരുൺ ധവാന്റെ കാമുകിയുടെ പേര് എന്താണെന്ന് അറിയാമോ എന്ന കരണിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രിയങ്കയോട് കരീന പരിഭവത്തോടെ പെരുമാറിയത്. വരുണിന്റെ കാമുകിയെ അറിയില്ലെന്ന് പറഞ്ഞത് എന്താണെന്നായിരുന്നു കരീന പ്രിയങ്കയോട് ആദ്യം ചോദിച്ചത്. നിങ്ങൾക്കിപ്പോൾ ​ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയുള്ളൂ. വന്ന വഴി മറക്കരുതെന്നും പ്രിയങ്കയോട് കരീന പറഞ്ഞു.    

പ്രകാശ് ഝാ സംവിധാനം ചെയ്ത ​ഗം​ഗാജൽ ആണ് പ്രിയങ്കയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിനുശേഷം ഹോളിവുഡിലെ നിറസാന്നിദ്ധ്യമായ പ്രിയങ്ക 2018 ഡിസംബറിൽ വിവാഹിതയായി. അമേരിക്കൻ ഗായകൻ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭർത്താവ്. വിവാഹശേഷം ലോസ് ആഞ്ചൽസിലേക്ക് താമസം മാറിയിരിക്കുകയാണ് താരം.

നവാ​ഗതാ സംവിധായകനായ രാജ് മെഹ്തയുടെ ചിത്രത്തിൽ അഭിനയിക്കുകയാണ് കരീന. ​ഗുഡ് ന്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ്കുമാറാണ് നായകൻ. ചിത്രം സെപ്തംബർ ആറിന് റിലീസിനെത്തും.