ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ സംവിധാനം ചെയ്ത റാം ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്നതാണ് പേരന്‍പ് മലയാളം, തമിഴ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന കൗതുകം. ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനും ട്രെയ്‌ലറിനുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തും വലിയ കാത്തിരിപ്പുണ്ട് ചിത്രത്തിന്. രജനീകാന്ത് ചിത്രം പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് പേരന്‍പിനെക്കുറിച്ച് ഏറ്റവുമൊടുവില്‍ പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന്റെ ഇന്നലെ പുറത്തുവന്ന ടീസര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് കാര്‍ത്തിക് സുബ്ബരാജ് കുറിച്ചത് ഇങ്ങനെ...

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ മമ്മൂക്കയെ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്യാം. ഫെബ്രുവരി ഒന്ന് മുതല്‍ പേരന്‍പ് തീയേറ്ററുകളിലുണ്ട്. സ്‌ക്രീനില്‍ റാമിന്റെ മാജിക്ക് കാണാന്‍ കാത്തിരിക്കുന്നു.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു.