രൺബീർ കപൂറുമായുള്ള പ്രണയത്തകര്‍ച്ച അനുഗ്രഹമായെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കത്രീന കൈഫ്. ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2016ലാണ് ഇരുവരും വേർപിരിഞ്ഞത്. താരങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു വേര്‍പിരിയല്‍. വേര്‍പിരിയലിന് ശേഷം പരസ്പരം ചെളിവാരിയെറിയാന്‍ നില്‍ക്കാതെ ഇരുവരും മാതൃകയായിരുന്നു. കരിയറില്‍ ശ്രദ്ധ പുലര്‍ത്തി മുന്നോട്ട് പോകുന്നതിനിടെയാണ് തുറന്ന് പറച്ചിലുമായി കത്രീനയെത്തുന്നത്. 

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്രീനയുടെ വെളിപ്പെടുത്തല്‍. പ്രണയത്തകർച്ചയെ ഒരു അനുഗ്രഹമായി കാണുന്നു. കാരണം  എന്റെ രീതികളെ, ചിന്തകളെ വ്യക്തമായി മനസ്സിലാക്കാനും ജീവിതത്തെ കൂടുതൽ‌ കരുതലോടെ കാണാനും അതിലൂടെ കഴിഞ്ഞു.  മറ്റൊരു കാഴ്ചപ്പാടിലൂടെയാണ് ഇപ്പോള്‍ കാര്യങ്ങളെ നോക്കി കാണുന്നത്. സ്വയം വിലയിരുത്തലിനും വേര്‍പിരിയല്‍ കാരണമായി. കൂടാതെ ഈ പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്നും കത്രീന വിശദമാക്കുന്നു. 
 
എന്നെക്കുറിച്ച് തന്നെ ഒന്നും അറിയില്ലായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. വേര്‍പിരിയല്‍ എന്നെ തിരിച്ചറിയുന്നതിന് സഹായിച്ചു. കരിയര്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  വ്യക്തി ബന്ധങ്ങളും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ സ്വയം നോക്കാന്‍ പലപ്പോഴും മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരുമെന്നും കത്രീന കൂട്ടിച്ചേർത്തു.

വേര്‍പിരിയലിന് ശേഷവും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അനുരാഗ് ബസു സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ജഗ്ഗാ ജാസൂസ് ആയിരുന്നു ചിത്രം. കത്രീനയുമായി വേർപിരിഞ്ഞതിനുശേഷം ഇപ്പോള്‍ നടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് റണ്‍ബീർ. സൽമാൻഖാൻ നായകനായി എത്തുന്ന ഭരത്തിൽ അഭിനയിക്കുകയാണ് കത്രീന. അയാൻ മുഖർജി സംവിധാനം നിർവ്വഹിക്കുന്ന 'ബ്രഹ്മാസ്ത്ര' ആണ് രൺബീർ കപൂറിന്റ ഇറങ്ങാനിരിക്കുന്ന ചിത്രം. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക.