ആകെയുള്ള 15 ചോദ്യങ്ങളില്‍ 14 ചോദ്യങ്ങള്‍ അവസാനിക്കുമ്പോള്‍ ബിനിത ഒരു കോടി സമ്മാനം നേടിയിരുന്നു. പതിനഞ്ചാം ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ ഏഴ് കോടി പോക്കറ്റിലിരിക്കും എന്നതായിരുന്നു അവസ്ഥ. ഉത്തരം തെറ്റിയാല്‍ 3.2 ലക്ഷം മാത്രമാകും കൊണ്ടുപോകാനാകുക. ബച്ചനാകട്ടെ ആവേശത്തോടെ ആ ചോദ്യം ചോദിച്ചു. 1867 ല്‍ ആദ്യ സ്റ്റോക് ടിക്കര്‍ കണ്ടുപിടിച്ചതാരെന്ന ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ ബിനിതയെ വട്ടംകറക്കി

മുംബൈ: വിനോദ ചാനലുകളിലെ ക്വിസ് പരിപാടികള്‍ ഏന്നും പ്രേക്ഷകരുടെ പ്രീയപ്പെട്ടതാണ്. കാലം മാറിയപ്പോള്‍ സമ്മാനത്തുക കോടികളായി ഉയര്‍ന്നു. ഇതോടെ പരിപാടിയുടെ ആകാംഷയും വര്‍ധിച്ചു. അമിതാഭ് ബച്ചന്‍ അവതാരകനായുള്ള കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടി അവതരണം കൊണ്ടും സമ്മാനതുക കൊണ്ടും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസത്തെ കോന്‍ ബനേഗ ശ്രദ്ധേയമായത് മത്സരാര്‍ത്ഥിയുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കൊണ്ട് കൂടിയായിരുന്നു. ചോദ്യരൂപത്തിലെത്തിയ ബംബര്‍ ലോട്ടറിക്ക് ശരിയുത്തരം പറഞ്ഞെങ്കിലും സമ്മാനത്തുക മുഴുവന്‍ സ്വന്തമാക്കാനായില്ല. ഏഴ് കോടിയുടെ അവസാന ചോദ്യത്തിനുളള ഉത്തരം പറയാന്‍ മടിച്ചതാണ് ബിനിത ജയിന് ആ ഭാഗ്യം നഷ്ടപ്പെടാന്‍ കാരണമായത്.

ആകെയുള്ള 15 ചോദ്യങ്ങളില്‍ 14 ചോദ്യങ്ങള്‍ അവസാനിക്കുമ്പോള്‍ ബിനിത ഒരു കോടി സമ്മാനം നേടിയിരുന്നു. പതിനഞ്ചാം ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ ഏഴ് കോടി പോക്കറ്റിലിരിക്കും എന്നതായിരുന്നു അവസ്ഥ. ഉത്തരം തെറ്റിയാല്‍ 3.2 ലക്ഷം മാത്രമാകും കൊണ്ടുപോകാനാകുക. ബച്ചനാകട്ടെ ആവേശത്തോടെ ആ ചോദ്യം ചോദിച്ചു. 1867 ല്‍ ആദ്യ സ്റ്റോക് ടിക്കര്‍ കണ്ടുപിടിച്ചതാരെന്ന ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ ബിനിതയെ വട്ടംകറക്കി.

കിട്ടിയ സമ്മാനം നഷ്ടമാക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആലോചനയ്ക്ക് ശേഷം പിന്‍മാറുന്നുവെന്നായിരുന്നു മറുപടി. ഇതോടെ വെറുതെ ഏതെങ്കിലും ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ബച്ചന്‍ ആവശ്യപ്പെട്ടു. കറക്കിക്കുത്തിയ ബിനിത എഡ്വാര്‍ഡ് കാലഹന്‍ എന്ന ഓപ്ഷന്‍ എ യില്‍ ക്ലിക്ക് ചെയ്തു. കൈവിട്ടുപോയത് ഏഴ് കോടിയാണെന്ന് തിരിച്ചറിയാന്‍ ബിനിതയ്ക്ക് അധികസമയം വേണ്ടിവന്നില്ല. ആ ഉത്തരം ശരിയായിരുന്നു. ഒടുവില്‍ ഏഴ് കോടിക്ക് പകരം ഒരു കോടിയുമായാണ് അവര്‍ മടങ്ങിയതെങ്കിലും അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. കാരണം ഈ സീസണിലെ ആദ്യ കോടിപതിയെന്ന ബഹുമതി ട്യൂഷന്‍ ടീച്ചറായ ബിനിതയ്ക്ക് സ്വന്തം.