കൊച്ചി: നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഭര്‍ത്താവ് ദിലീപ് ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സാഹചര്യത്തില്‍ തന്നെ കുടുക്കാന്‍ മനപ്പൂര്‍വ്വം പൊലീസ് ശ്രമിക്കുന്നു എന്ന ആരോപണവുമായാണ് കാവ്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്യുമെന്ന ഭീഷണയുണ്ടെന്നാണ് ജാമ്യാപേക്ഷയില്‍ കാവ്യ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. നിരന്തരം പൊലീസ് വിളിക്കുന്നതായും ചില കാര്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. 

അന്വേഷണസംഘം തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ഇല്ലാത്ത മാഡത്തെ സൃഷടിച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും ഹജിയില്‍ കാവ്യാമാധവന്‍ ആരോപിക്കുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അതേദിവസം തന്നെയാണ് ദിലീപിന്റെ നാലാം ജാമ്യ ഹര്‍ജിയില്‍ അങ്കമാലി കോടതി വിധി പറയുക.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സുപ്രധാന അറസ്റ്റുണ്ടാകുമെന്ന സൂചന പരന്നിരുന്നു. ഈ ഘട്ടത്തിലാണ് കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി ഇന്നുതന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനായിരുന്നു നീക്കമെങ്കിലും വിജയിച്ചില്ല.

കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണസംഘത്തിന്റെ ഭീഷണിയുണ്ട്, പോലീസ് മൊഴിയെന്നപേരില്‍ നിരന്തരം വിളിക്കുന്നു. അന്വേഷണ സംഘം പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനും മൊഴിയായി നല്‍കാനും ഭീഷണിപ്പടുത്തുന്നുണ്ടെന്നും ഹജിയില്‍ കാവ്യമാധവന്‍ വ്യക്തമാക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ മൊഴിമാത്രം വിശ്വസിച്ചാണ് അന്വേഷണമെന്നും കാവ്യ ചൂണ്ടിക്കാണിക്കുന്നു. 

സുനിലിന്റെ മൊഴി അനുസരിച്ച് മാഡം എന്ന കഥാപാത്രത്തെ പോലീസ് സൃഷ്ടിച്ച്, അത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യയാണെന്ന കാരണംകൊണ്ട് മാത്രമാണ് തന്നെ വേട്ടയാടുന്നത്. അന്വേഷണ സംഘത്തിലെ എസ്.പിയും സി.ഐയും തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി സഹോദരനെയും രക്ഷിതാക്കളെയും പരസ്യമായി ഭീഷണിപ്പെടുത്തി. 

ഇക്കാര്യം ഡിജിപിക്ക് പരാതിയായി നല്‍കിയുണ്ടെന്നും കാവ്യ പറയുന്നു. പോലീസിലെ ഉന്നതര്‍, ചലച്ചിത്ര -രാഷ്ട്രീയ രംഗത്തെ ചിലര്‍ എന്നിവരെല്ലാം ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നും മുന്‍കൂര്‍ ജാമ്യഹജിയില്‍ പറയുന്നു്. 

അതേസമയം കാവ്യാമാധവനെതിരെ അന്വേഷണം തുടരുകയാണെന്നും അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടതിയെ അറിയിച്ചാല്‍ കാവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കും. എന്നാല്‍ കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാവ്യക്ക് തന്നെ വിനയാകാനുള്ള സാധ്യതയും നിയമ വിദഗ്ദര്‍ തള്ളിക്കളയുന്നില്ല. 

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാഹചര്യങ്ങളില്ലെങ്കില്‍ അങ്ങിനെ ചെയ്യുമ്പോള്‍ കാവ്യയ്ക്ക് കേസുമായുള്ള ബന്ധം കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കാനും ഭാവിയില്‍ അത് സ്ഥാപിക്കാനുള്ള തെളിവായി ഈ അപേക്ഷ മാറാനും സാധ്യതയുള്ളതായി വിലയിരുത്തലുകളുണ്ട്. മാഡം കെട്ടുകഥയാണെങ്കില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ പൊലീസിന് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ല. അങ്ങനെ വന്നാല്‍ അത് കാവ്യക്കും ദിലീപിനുമെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാദിക്കാന്‍ ദിലീപിന്റെ അഭിഭാഷകന് അവസരമൊരുക്കുകയും ചെയ്യും.