ശ്രീകൃഷ്ണ ജയന്തി ദിനമായ ഞായറാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മോഹന്‍ലാല്‍ താന്‍ വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹവുമായി ചര്‍ച്ച ചെയ്തതെന്നാണ് ട്വീറ്റ് ചെയ്തത്. പിന്നാലെ ഇന്ന്, മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മോദിയും ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തുനിന്നുള്ള ബിജെപി സ്ഥാനാര്‍ഥി ആവുമോ? അത്തരത്തിലുള്ള സാധ്യതയെക്കുറിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ ഇന്നലെയും ഇന്നുമായി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മോഹന്‍ലാലിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വ സാധ്യത ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന് നിന്ന് നേട്ടമുണ്ടാക്കാന്‍ താരപരിവേഷമുള്ളവര്‍ ഉള്‍പ്പെടെ ജനസ്വാധീനമുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കണമെന്നാണ് ആര്‍എസ്എസ് താല്‍പര്യമെന്നും ഇതുപ്രകാരം ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ വന്നേക്കുമെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളില്‍ എത്രത്തോളം വാസ്തവമുണ്ട്? ബിജെപിയോട് അടുക്കുകയാണോ മോഹന്‍ലാല്‍? തിരുവനന്തപുരത്തെ ലാലിന്റെ ലോക്‌സഭാ ടിക്കറ്റ് വസ്തുതയാണോ അതോ ഊഹാപോഹമോ?
ഔദ്യോഗികമായി അത്തരത്തില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പറയുന്ന ബിജെപി കേരള വൃത്തങ്ങള്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ഥിത്വം എന്ന സാധ്യതയെ പൂര്‍ണമായും തള്ളിക്കളയുന്നുമില്ല. കേരളത്തിന്റെ അഭിമാനമായ കലാകാരനാണ് മോഹന്‍ലാല്‍ എന്നാണ് ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. മോഹന്‍ലാല്‍ ബിജെപിയിലേക്ക് വന്നാല്‍ തീര്‍ച്ഛയായും സ്വാഗതം ചെയ്യുമെന്ന് പറയുന്ന ശ്രീധരന്‍ പിള്ള പക്ഷേ ഇക്കാര്യം ആലോചനയിലുണ്ടോ എന്ന ചോദ്യത്തിന് മറ്റ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിക്കുന്നു.
മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ കണ്ടത് ശരിയാണെന്നും പക്ഷേ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അദ്ദേഹം ഒരു ആവശ്യം വച്ചിട്ടുണ്ടെന്നോ ബിജെപിയെ ആ തരത്തില്‍ സമീപിച്ചിട്ടുണ്ടെന്നോ തനിക്കറിയില്ലെന്നും ബിജെപി വക്താവ് ജെ.ആര്‍.പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ബിജെപി കേരള ഘടകത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും ഇത്തരത്തില്‍ നടന്നിട്ടില്ല. എന്നാല്‍ നാളെ അങ്ങനെ സംഭവിച്ചുകൂടാ എന്നില്ല. ഒരു സാധ്യതയെക്കുറിച്ചാണ് പറയുന്നത്. പിന്നെ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തേ ഒരുപക്ഷേ അറിയാന്‍ കഴിയൂ താരപരിവേഷമുള്ള ആരൊക്കെ ബിജെപിയിലേക്ക് വരും എന്നത്. മോദി സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രശസ്തര്‍ വന്നാല്‍ അവരുടെ സ്ഥാനാര്‍ഥിത്വമൊക്കെ അപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്', പത്മകുമാര്‍ പറയുന്നു.
സ്ഥാനാര്‍ഥിത്വ കാര്യം മോഹന്‍ലാല്‍ ഉന്നയിച്ചാല്‍ തീര്‍ച്ഛയായും പരിഗണിക്കുമെന്ന ബിജെപി കേരള അധ്യക്ഷന്റെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു പത്മകുമാറും. 'മോഡി സര്‍ക്കാരുമൊത്ത് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അറിയിക്കുന്ന, സമൂഹത്തില്‍ സ്വാധീനമുള്ള ആരെയും നിരുത്സാഹപ്പെടുത്തില്ല. അത് മോഹന്‍ലാല്‍ ഉന്നയിച്ചാലും അങ്ങനെതന്നെയാവും', പത്മകുമാര്‍ പറഞ്ഞവസാനിപ്പിക്കുന്നു.
ശ്രീകൃഷ്ണ ജയന്തി ദിനമായ ഞായറാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മോഹന്‍ലാല്‍ താന്‍ വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹവുമായി ചര്‍ച്ച ചെയ്തതെന്നാണ് ട്വീറ്റ് ചെയ്തത്. പിന്നാലെ ഇന്ന്, മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മോദിയും ട്വീറ്റ് ചെയ്തു. മനോഹരമായ കൂടിക്കാഴ്ചയായിരുന്നെന്ന് കുറിച്ച മോദി മോഹന്‍ലാലിന്റെ വ്യത്യസ്ത മേഖലകളിലുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും പറഞ്ഞു.
