തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി സിനിമാ സംഘടനകളുമായി നാളെ ചർച്ച നടത്തും. തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേമ്പർ സംഘടന പ്രതിനിധികൾ എന്നിവരാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്നത്. 

അതിനിടെ സിനിമ നിര്‍മ്മാതക്കളുടെ യോഗം കൊച്ചിയിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വിളിച്ച് ചേർത്തിട്ടുണ്ട്. തിയറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ല എന്ന് ഉടമകൾ നിലപാടെടുത്ത സാഹചര്യത്തിൽ തുടര്‍നടപടികൾ ആലോചിക്കാനാണ് യോഗം. നിര്‍മ്മാണത്തിലിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിര്‍മ്മാതാക്കൾ യോഗത്തിൽ പങ്കെടുക്കും. നാളെ രാവിലെ പതിനൊന്നിന് കൊച്ചിയിലാണ് യോഗം.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും തിയേറ്ററുകൾ തുറക്കുന്നതിന് സംസ്ഥാനം അനുമതി നൽകിയിരുന്നു. എന്നാൽ കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക് അടക്കം നിലപാടെടുത്തു. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഈ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ച.