കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു.
കൊച്ചി: ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിർമാതാക്കളുടെ സംഘടനയും. കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു. കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയതിനാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും. ദിലീപിന്റെ കത്ത് കിട്ടിയാൽ സംഘടനയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ദിലീപ് നിലവിൽ സംഘടനയിൽ നിന്ന് സസ്പെൻഷനിലാണെന്നും ബി രാഗേഷ് പറഞ്ഞു.
അതേസമയം ദിലീപിനെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. വ്യക്തിപരമായി ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷമുണ്ടെന്നും, ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് തന്‍റെ ഉറച്ച വിശ്വാസമെന്നുമാണ് അമ്മ വൈസ് പ്രസിഡന്‍റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്. അതിനിടെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകൾ തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകമാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അത് കൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട് കോടതി
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. ഒന്നും മുതൽ ആര് വരെ പ്രതികൾക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവര്‍ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെയാണ് വെറുതെ വിട്ടത്.
രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. 2017 ഒക്ടോബറിൽ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. 2019ലാണ് കേസിലെ വിചാരണ നടപടികളാരംഭിക്കുന്നത്. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1700 രേഖകളാണ് കോടതി പരിഗണിച്ചത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോസ്ഥനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകൻ രാജു ജോസപ്, അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു.
2012 മുതൽ തന്നെ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ വിചാരണക്കിടെ കോടതിയെ അറിയിച്ചത്. 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യാ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് വിരോധത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞുവെന്നും മൊഴിയുണ്ട്. ഇതിനിടെ തന്നെ അറിയില്ലെന്ന ദിലീപിന്‍റെ നിലപാട് തളളി ഒന്നാം പ്രതി പൾസർ സുനിയും വിചാരണയിൽ രംഗത്തെത്തിയരുന്നു. തങ്ങൾക്കിരുവർക്കും പരസ്പരം അറിയാമെന്നായിരുന്നു പൾസർ സുനിയുടെ നിലപാട് . നടിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും മുന്‍പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരി 03ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാൽ, ഷൂട്ടിങ് നേരത്തെ പൂർത്തിയാക്കി നടി മടങ്ങിയതിനാൽ കൃത്യം നടന്നില്ല. തുടര്‍ന്നാണ് പിന്നീട് കൊച്ചിയിൽ വെച്ച് ആക്രമിച്ചത്.



