കന്നഡ സിനിമയുടെ അതിര്‍ത്തികള്‍ വിപുലപ്പെടുത്തുന്ന ചിത്രമായിരിക്കുകയാണ് കെജിഎഫ്. സംസ്ഥാനത്തിന് പുറത്ത് അധികം മാര്‍ക്കറ്റുകളൊന്നും ഇല്ലാതിരുന്ന സാന്‍ഡല്‍വുഡ് സിനിമകള്‍ക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുകയാണ് ചിത്രം. മുന്‍പ് തമിഴിനും തെലുങ്കിനും ബോളിവുഡിനും ഭേദപ്പെട്ട ഷെയര്‍ ലഭിക്കുമായിരുന്ന കേരളമാണ് കെജിഎഫ് പുതുതായി വഴി വെട്ടുന്ന മാര്‍ക്കറ്റുകളില്‍ ഒന്ന്.

വിവിധ ഭാഷകളില്‍ ക്രിസ്മസ് റിലീസുകളായി കേരളത്തില്‍ പുറത്തിറങ്ങിയ പത്ത് സിനിമകളില്‍ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് കെജിഎഫിന്റെ സ്ഥാനം. കണ്ടവര്‍ കണ്ടവര്‍ പ്രചാരകരായി മാറിയതോടെ രണ്ടാംവാരം കൂടുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. മലയാളത്തിലെ പ്രധാന റിലീസുകള്‍ പോലും രണ്ടാംവാരം തീയേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടില്ല. എന്നാല്‍ പ്രേക്ഷകരുടെ അന്വേഷണം വര്‍ധിക്കുന്നതനുസരിച്ച് വിതരണക്കാര്‍ കൂടുതല്‍ തീയേറ്ററുകളില്‍ കെജിഎഫ് എത്തിച്ചു. 

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലുള്ള ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകളാണ് പ്രധാനമായും കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ അപൂര്‍വ്വമായി കന്നഡ പതിപ്പുമുണ്ട്. ഈ പതിപ്പുകള്‍ ചേര്‍ത്ത് കേരളത്തിലെ അറുപതി തീയേറ്ററുകളിലാണ് ചിത്രം എത്തിയത്. എന്നാല്‍ രണ്ടാംവാരത്തിലേക്ക് കടക്കുമ്പോള്‍ 24 പുതിയ സെന്ററുകളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. അതായത് ഇന്നുമുതല്‍ 84 തീയേറ്ററുകളിലാണ് കെജിഎഫിന് കേരളത്തില്‍ പ്രദര്‍ശനം. പുതിയ സെന്ററുകളിലെല്ലാം ഇന്നത്തെ നൂണ്‍ ഷോ മുതല്‍ ചിത്രം കളിക്കുന്നുണ്ട്.

അഞ്ച് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍ 100 കോടി പിടിച്ച ചിത്രം കേരളത്തില്‍ നിന്നും അത്രയും ദിവസങ്ങളില്‍ രണ്ട് കോടി നേടിയിരുന്നു. ആദ്യ അഞ്ച് ദിനങ്ങളിലെ 100 കോടിയില്‍ കൂടുതല്‍ തുകയുമെത്തിയത് കര്‍ണാടകയില്‍ നിന്നുതന്നെയാണ്. 62 കോടിയാണ് ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് നേടിയത്. ആന്ധ്രയിലും തെലിങ്കാനയില്‍ നിന്നുമായി 7.3 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 4.5 കോടി, വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 5 കോടിയും.