കൊച്ചി: മോഡലിങിന്‍റെ മറവില്‍ നടി മറീന മൈക്കിളിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. നടിയുടെ തന്നെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. സംഭവത്തില്‍ മറീന ഏഷ്യാനെറ്റ് ന്യൂസ് ടിവിയോട് പറഞ്ഞത് ഇങ്ങനെ. 

പ്രശസ്ത ജൂവലറിയുടെ ഫോട്ടോഷൂട്ടിനാണെന്ന് പറഞ്ഞാണ് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. പരിചയക്കാര്‍ വഴി വന്ന ഓഫര്‍ ആയതിനാല്‍ ആദ്യം സംശയങ്ങളൊന്നും തോന്നിയിട്ടില്ല. അത്കൊണ്ട് തന്നെ ഷൂട്ടിന് സമ്മതിച്ചു. ഷൂട്ടിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്നും അയാളോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഷൂട്ടിങ് ദിവസം അടുത്തപ്പോള്‍ പോലും ലൊക്കേഷന്‍ പറയാതെ അയാള്‍ ഒളിച്ചുകളി തുടങ്ങി.
ഷൂട്ടിങ് ദിവസം ഇയാള്‍ തന്നെ വന്ന് മറീനയെ കൂട്ടിക്കൊണ്ടു പോകാമെന്നു പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് ലൊക്കേഷന്‍ പറഞ്ഞാല്‍ മതി താന്‍ തന്നെ അങ്ങോട്ടേയ്ക്ക് എത്തിക്കോളാമെന്നുമുള്ള നിലപാടില്‍ നടി ഉറച്ചു നിന്നു. 

ആ സമയത്തും ലൊക്കേഷന്‍ എവിടെയാണെന്ന് ചോദിച്ചിട്ട് അയാള്‍ ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെ ജ്വല്ലറി ഉടമകളെ നേരിട്ട് വിളിച്ച് അന്വേഷണം നടത്തി. ഇങ്ങനെയൊരു ഫോട്ടോ ഷൂട്ട് ഇല്ലെന്നും ഇതേക്കുറിച്ച് അറിവില്ലെന്നും അവ അറിയിച്ചു. 

ഇതോടെയാണ് ഇയാളുടെ കെണി ആയിരുന്നിതെന്ന് മനസ്സിലായത്. ഇയാള്‍ക്ക് പിന്നില്‍ മറ്റ് ആള്‍ക്കാര്‍ ഉള്ളതായി സംശയിക്കുന്നെന്നും നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും മറീന പറഞ്ഞു.