അമേരിക്കന്‍ കൊമേഡിയന്‍ ഷിഗ്ഗി ജൂണില്‍ പോസ്റ്റ് ചെയ്ത ഡാന്‍സ് രംഗങ്ങളാണ് ചലഞ്ചിന് തുടക്കമിട്ടത്. എന്നാല്‍ ഈ ചുവടുകള്‍ തീര്‍ത്തും മാറ്റി അപകടകരമായ രീതിയിലാണ് ഡാന്‍സ് ചലഞ്ച് മുന്നേറുന്നത്.
ദില്ലി: ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച് മുന്നേറുന്ന കിക്കി ചലഞ്ച് വലിയ അപകടം വരുത്തി വയ്ക്കുന്നുവെന്ന് തെളിയിച്ച് കൂടുതല്‍ വീഡിയോകള്‍ പുറത്തുവരുന്നു. യുവാക്കള്‍ ചലഞ്ചിന് പിന്നാലെ പായുമ്പോള്‍ തന്നെ ഇതിനെതിരെ വിമര്‍ശനങ്ങളും ശക്തമാകുകയാണ്. ഓടുന്ന കാറില്‍നിന്ന് ചാടിയിറങ്ങി കാറിനൊപ്പം ഡാന്‍സ് ചെയ്ത് മുന്നേറുന്ന ചലഞ്ച് ട്രാഫിക് അപകടങ്ങളുള്‍പ്പെടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്കാണ് പോകുന്നതെന്നാണ് നെറ്റിസന്‍സ് തന്നെ വിമര്‍ശിക്കുന്നത്.
ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള ശ്രമത്തിനിടെ ട്രാഫിക് നിയമങ്ങളോ, സ്വന്തം സുരക്ഷയോ ഇവര്‍ നോക്കുന്നില്ല. ഒപ്പം ഇത് മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്നുമുണ്ട്. അതേസമയം മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും കിക്കി ചലഞ്ചിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് നെറ്റിസന്‍സ്. പശു, ഒട്ടകം, നായക്കുട്ടികള്‍, തുടങ്ങിയവയുടെ കിക്കി ഡാന്‍സും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
അമേരിക്കന്‍ കൊമേഡിയന്‍ ഷിഗ്ഗി ജൂണില്‍ പോസ്റ്റ് ചെയ്ത ഡാന്‍സ് രംഗങ്ങളാണ് ചലഞ്ചിന് തുടക്കമിട്ടത്. എന്നാല്‍ ഈ ചുവടുകള്‍ തീര്‍ത്തും മാറ്റി അപകടകരമായ രീതിയിലാണ് ഡാന്‍സ് ചലഞ്ച് മുന്നേറുന്നത്. കിക്കി ചലഞ്ച് ഏറ്റെടുക്കുന്നതില്‍നിന്ന് മക്കളെ പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പൊലീസും കിക്കിക്കെതിരെ മുംബൈ ദില്ലി പൊലീസും രംഗത്തെത്തിയിരുന്നു.
