ഒരു ഡാന്‍സ് ചലഞ്ച് എങ്ങനെ അപകടമാകുമെന്ന് സംശയിക്കേണ്ട, കിക്കി ഡാന്‍സ് ചലഞ്ച് വരുത്തി വച്ച അപകടങ്ങള്‍തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം വൈറലാകുന്നത്
ദില്ലി: സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ കിക്കി തരംഗമാണ്. 'കികി ഡുയു ലവ് മി' എന്ന ഗാനത്തിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ചലഞ്ചാണ് യുവാക്കള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയം. എന്നാല്‍ ഇതിനെതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക് പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും അപകടം ക്ഷണിച്ചുവരുത്തുമെന്നുമാണ് പൊലീസ് പറയുന്നത്. ഒരു ഡാന്‍സ് ചലഞ്ച് എങ്ങനെ അപകടമാകുമെന്ന് സംശയിക്കേണ്ട, കിക്കി ഡാന്‍സ് ചലഞ്ച് വരുത്തി വച്ച അപകടങ്ങള്‍തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം വൈറലാകുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍നിന്ന് ചാടിയിറങ്ങി കാറിനൊപ്പം നടന്നാണ് കിക്കി ഡു യു ലവ് മി എന്ന ഗാനത്തിന് ചുവടുവയ്ക്കേണ്ടത്. ഇതാണ് ചലഞ്ച്. കാറില്‍നിന്ന് ചാടി ഇറങ്ങുമ്പോളും കാറിനൊപ്പം റോഡിലൂടെ ഡാന്‍സ് ചെയ്ത് മുന്നോട്ട് പോകുമ്പോഴും നിരവധി അപകടങ്ങളാണ് ഇതുവരെ ഉണ്ടായത്. ചിലര്‍ കാറില്‍നിന്ന് വീണ് പരിക്കേറ്റു. മറ്റുചിലര്‍ അശ്രദ്ധമായി റോഡിലൂടെ ഡാന്‍സ് ചെയ്യുമ്പോള്‍ പോസ്റ്റിലിടിച്ചും തെന്നിവീണും അപകടത്തില്‍ പെട്ടു.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കിക്കി ചലഞ്ച് ഒഴിവാക്കാന്‍ ആണ് മുംബൈ, ഉത്തര്‍പ്രദേശ് പൊലീസ് സേനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ''കിക്കി നിങ്ങളുടെ മക്കളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് മക്കളെ ഇഷ്ടമായിരിക്കും. അതിനാല്‍ അവരെ കിക്കിയില്‍നിന്ന് പിന്തിരിപ്പിക്കൂ...'' എന്നാണ് യുപി പൊലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
കിക്കി ചലഞ്ച് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുമെന്ന് മുംബൈ പൊലീസും മുന്നറിയിപ്പ് നല്‍കി. യൂട്യൂബില്‍ 82 മില്യണ്‍ ആളുകള്‍ കണ്ട കനാഡിയന്‍ റാപ്പ് സംഗീതമാണ് ഈ ചലഞ്ചിന് പിന്നില്‍.
