സെൻസര്‍ ബോര്‍ഡിന്‍റെ വിചിത്രമായ ഇടപെടല്‍ കാരണം സിനിമ തെരുവില്‍ പ്രദര്‍ശിപ്പിക്കേണ്ട അവസ്ഥയിലായ ഒരു കലാകാരനുണ്ട് കൊല്ലത്ത്. രാജ്യസ്നേഹത്തിന്‍റെ കഥ പറയുന്ന സിനിമ സെൻസര്‍ബോര്‍ഡ് കണ്ടപ്പോള്‍ ദേശവിരുദ്ധ സിനിമയായി. നടനും സംവിധായകനും നിര്‍മ്മാതാവുമായ കൊല്ലം അജിത്തിനാണ് തന്‍റെ സിനിമയുമായി ഒടുവില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.

ജോലി തേടി മുംബൈയിലെത്തിയ യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് പകല്‍പോലെ എന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്ത്. ഇയാള്‍ ഓടിച്ചിരുന്ന ട്രക്കില്‍ തീവ്രവാദികള്‍ തിരിച്ചറിയാതെ കയറുന്നതും തുടര്‍ന്ന് ഒരു കുറ്റവും ചെയ്യാത്ത യുവാവ് ജയിലില്‍ പോകുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. എന്നാല്‍ തീവ്രവാദത്തെ ചിത്രം മഹത് വല്‍ക്കരിക്കുന്നുവെന്നാണ് സെൻസര്‍ബോര്‍ഡിന്‍റെ വാദം. കൃത്യമായി സിനിമ കാണാതെയാണ് സെൻസര്‍ബോര്‍ഡ് ആരോപണവുമായി എത്തിയിരിക്കുന്നതെന്ന് കൊല്ലം അജിത്ത് പറഞ്ഞു.

സെൻസര്‍‍ ബോര്‍ഡിന്‍റെ നടപടികളില്‍ പ്രതിഷേധിച്ചാണ് കൊല്ലം അജിത്ത് തന്‍റെ സിനിമ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. ഇതു വരെ നാല് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സിനിമ എത്തിക്കും.

സിനിമ പ്രദര്‍ശിപ്പിക്കാൻ സര്‍ക്കാര്‍ തിയറ്ററുകള്‍ വിട്ടുതരണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ അജിത്ത് സമീപിച്ചിട്ടുണ്ട്.