ആദ്യമായാണ് മമ്മൂട്ടിയും മിഥുനും ഒന്നിക്കുന്നത്

ആട് ടുവിന്റെ വന്‍ വിജയത്തിന് ശേഷം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തികൊണ്ട് മിഥുന്‍ മാനുവല്‍ തോമസ് അടുത്ത ചിത്രവുമായി എത്തുന്നു. മമ്മൂട്ടി നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാണ് മിഥുന്റെ അടുത്ത ചിത്രം. മിഥുന്‍ തന്നെയാണ് വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

 ഹിറ്റ് കൂട്ടുക്കെട്ടായ ഫ്രൈഡേ ഫിലിം ഹൗസാണ് മിഥുന്റെ പുതിയ ചിത്രവും നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 
സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍ വലിയ ഹിറ്റായിരുന്നു. മിഥുനും മമ്മൂട്ടിയും ആദ്യമായാണ് ഒന്നിക്കുന്നത്.

മിഥുന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പ്രിയരേ, കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വർക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിർമ്മാതാവിലൂടെ കാൽനൂറ്റാണ്ടിനും മുൻപ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളിൽ ആരവങ്ങൾ തീർത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയിൽ ആശ്വാസമായ തണൽ മരങ്ങൾക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകൾക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികൾക്ക് നന്ദി.. കൈവിടാതെ കൂടെ നിൽക്കുന്ന പ്രേക്ഷക ലക്ഷങ്ങൾക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേർന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചൻ 2.. :)