ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും മലയാളത്തില്‍

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വീണ്ടും മലയാളത്തിലേക്ക്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവും ചെയ്ത് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാന എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയുടെ തിരിച്ചുവരവ്. പൂര്‍ണമായും സ്ത്രീ കഥാപത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമായിരിക്കും കോട്ടയം കുര്‍ബാനയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

പുതിയ നിയമത്തിന് ശേഷം കോട്ടയം കുര്‍ബാനയ്ക്ക് വേണ്ടിയാണ് നയന്‍താര മലയാളത്തിലെത്തുന്നത്. ചാര്‍ളി, മുന്നറിയിപ്പ്, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ രചന നിര്‍വഹിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്.

മലയാളത്തില്‍ നായക കഥാപാത്രത്തിന്‍റെ നിഴലില്‍ അഭിനയിച്ച നയന്‍താരയുടെ കോട്ടയം കുര്‍ബാന പൂര്‍ണമായും നായികയില്‍ കേന്ദ്രീകൃതമായ ചിത്രമാണ്. അടുത്ത കാലത്തായി വളരെ സെലക്ടീവായി മാത്രം ചിത്രം തെരഞ്ഞെടുക്കുന്ന നയന്‍താര കോട്ടയം കുര്‍ബാനയക്ക് സമ്മതം മൂളിയതും കഥാപാത്രത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണെന്നാണ് വിവരം. അറം, മായ, നാനും റൗഡി താന്‍, രാജാ റാണി തുടങ്ങിയ നായിക പ്രാധാന്യമുള്ള നയന്‍താരയുടെ അന്യഭാഷ ചിത്രങ്ങളെല്ലാം കൊമേഴ്ഷ്യല്‍ ഹിറ്റുകളായിരുന്നു.