കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ മുതിര്‍ന്ന സിനിമാ താരം കെ.പി.എ.സി ലളിത എത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കെ.പി.എ.സി ലളിത ജയിലിലെത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ അവര്‍ തയ്യാറായില്ല. 

ദിലീപിന് പിന്തുണ അറിയിച്ച് നേരത്തെ നിരവധി താരങ്ങള്‍ എത്തിയിരുന്നു. ദിലീപിന് പരസ്യ പിന്തുണ അറിയിച്ച് എം.എല്‍.എ കൂടിയായ നടന്‍ ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. പൊലീസിനെ പേടിച്ച് ദിലീപിനെ സിനിമാ ലോകം ഒറ്റപ്പെടുത്തരുതെന്നായിരുന്നു ദിലീപിനെ കണ്ടശേഷം ഗണേഷ് പ്രതികരിച്ചത്. 

അതേസമയം കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടിതിയെ സമീപിച്ചിരിക്കുകയാണ്. അപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി, വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചത്. നേരത്തെ ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനിടെ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടിയിട്ടുണ്ട്.