കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ ജയില്‍ സന്ദര്‍ശിച്ച സിനിമ താരങ്ങളെല്ലാം വന്‍ വിമര്‍ശനം നേരിടുകയാണ്. ഇതിനിടെ ദിലീപിനെ കാണാനെത്തിയ ഒരേയൊരു നടിയാണ് കെപിഎസി ലളിത. നിരവധി സിനിമകളില്‍ ദിലീപിന്‍റെ അമ്മയായി വേഷമിട്ടിട്ടുള്ള ലളിത നിറഞ്ഞ കണ്ണുകളോടെയാണ് മടങ്ങിയത്. 

എന്നാല്‍ ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ നേരിട്ടത്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിക്കുന്ന കെപിഎസി ലളിത ചെയ്തത് വലിയ തെറ്റാണെന്നും അധികാര സ്ഥാനത്ത് നിന്ന് രാജി വെയ്ക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ വന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കെപിഎസി ലളിത. 

ദിലീപിനെ എന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. പക്ഷേ തന്‍റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണയ്ക്കുമെന്ന് നടി പറഞ്ഞു. 

ദിലീപിനെ സന്ദര്‍ശിച്ചതില്‍ പറയേണ്ടവര്‍ക്ക് എന്തും പറയാം, ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും അവര്‍ പറഞ്ഞു. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനം അലങ്കരിക്കുന്ന വ്യക്തി എന്ന നിലയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.