ദില്ലി: മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയെ ആക്ഷേപിച്ച് ബോളിവുഡ് നടന്‍ കമാല്‍ ആര്‍. ഖാന്‍. മമ്മൂട്ടിയെ സി ഗ്രേഡ് നടന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കെ.ആര്‍.കെയുടെ പുതിയ ട്വീറ്റ്. മോഹന്‍ലാല്‍, താങ്കളെ അധിക്ഷേപിക്കുന്നതിനായി മമ്മൂട്ടി എനിക്ക് പണം തന്നതായി ആരോടെങ്കിലും ചോദിച്ചിരുന്നോ. ആ സി ഗ്രേഡ് നടനെ എനിക്ക് അറിയുക കൂടിയില്ല-കെ.ആര്‍.കെ ട്വീറ്റില്‍ പറഞ്ഞു. 

ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചാണ് കെ.ആര്‍.കെ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. മോഹന്‍ലാലിന് അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും കെ.ആര്‍.കെയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. 

മോഹന്‍ലാലിനെ പരമാവധി അധിക്ഷേപിച്ചതിലൂടെ ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിയ കെ.ആര്‍.കെ പിന്നീട് മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ സൂപ്പര്‍താരമാണെന്ന് അറിഞ്ഞില്ലെന്നും മാപ്പ് പറയുന്നുവെന്നും കെ.ആര്‍.കെ ട്വീറ്റ് ചെയ്തിരുന്നു. ഏതായാലും മമ്മൂട്ടിയെ അധിക്ഷേപിച്ചതിനെതിരെയും മലയാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.