ഈ വര്‍ഷം മലയാള സിനിമ ഏറ്റവും പ്രതീക്ഷയോടെ നോക്കുന്ന ചിത്രങ്ങളിലൊന്നാണ് കുമ്പളങ്ങി നൈറ്റ്‌സ്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തുവന്നു. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ദൂരദര്‍ശന്‍ വാര്‍ത്തയുടെ മ്യൂസിക്കിനൊപ്പം ചുവടുവയ്ക്കുന്ന ഒരു മിനിട്ടുള്ള ടീസറാണ് പുറത്തുവന്നത്.

നേരത്തെ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. വിഖ്യാത ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ആയിരുന്ന 'ബീറ്റില്‍സി'ന്റെ 'അബ്ബേ റോഡ്' എന്ന ആല്‍ബം കവറിന്റെ മാതൃകയിലായിരുന്നു പോസ്റ്റര്‍. പ്രധാന കഥാപാത്രങ്ങള്‍ സീബ്ര വരകളിലൂടെ ഒരു റോഡ് മുറിച്ചുകടക്കുന്നതായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.