പറവൂര്‍: നടൻ ലാലു അലക്സിന്‍റെ മകന്‍റെ വിവാഹം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലാലു അലക്സിന്‍റെ മകന്‍ ബെൻ ആർഭാടങ്ങളൊഴിവാക്കി രജിസ്റ്റർ ഓഫീസിൽ വിവാഹം കഴിച്ചെന്നാണ് ഫോട്ടോകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതോടെ ലാലു അലക്സിന് അഭിവാദ്യവുമായി പലരും രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ ഒരു ട്വിസ്റ്റുണ്ടെന്നാണ് ലാലു അലക്സിന്‍റെ പ്രതികരണം. രജിസ്ട്രാർ ഓഫീസിൽ നടന്നത് ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമാണെന്നാണ് താരം പറയുന്നത്. സാമുദായികാചാരങ്ങളോടെ മകന്‍റെ വിവാഹം അടുത്തമാസം നടക്കുമെന്നും ലാലു അലക്സ് ദീപിക പത്രത്തോട് പറയുന്നു.
വിവാഹശേഷം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലേക്കു കുടിയേറാൻ ഉദ്ദേശിക്കുന്ന മകന്‍റെയും വധുവിന്‍റെയും വീസ നടപടികള്‍ വേഗത്തിലാക്കാനാണ് വിവാഹം രജിസ്ട്രേഷൻ നടത്തിയത്.
ക്നാനായ സമുദായ ആചാരങ്ങളോടെയുള്ള കല്യാണം അടുത്തമാസം ആറിന് നടക്കും. സിനിമാ മേഖലയിൽ നിന്നുളള അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഇതെന്ന് ലാലു അലക്സ് പറയുന്നു.
