ജൂൺ ആറ് നാളെയാണ് ഛോട്ടാ മുംബൈ വീണ്ടും തിയറ്ററുകളിൽ എത്തുക.
കഴിഞ്ഞ ഏതാനും വർഷമായി സിനിമാ മേഖലയിൽ ട്രെന്റിംഗ് ആയി മാറിയതാണ് റി റിലീസുകൾ. മുൻ കാലങ്ങളിൽ റിലീസ് ചെയ്ത് വൻ വിജയം സ്വന്തമാക്കിയതും ബേക്സ് ഓഫീസിൽ തകർന്നെങ്കിലും പ്രേക്ഷകർ ആഘോഷമാക്കിയ സിനിമകളുമൊക്കെ ആകും ഇത്തരത്തിൽ തിയറ്ററിൽ വീണ്ടും എത്തുക. അത്തരത്തിലൊരു സിനിമ മലയാളത്തിൽ തിയറ്ററുകളിലേക്ക് എത്തുകയാണ്. മോഹൻലാൽ നായകനായി എത്തിയ ഛോട്ടാ മുംബൈ ആണ് ആ ചിത്രം.
ജൂൺ ആറ് നാളെയാണ് ഛോട്ടാ മുംബൈ വീണ്ടും തിയറ്ററുകളിൽ എത്തുക. തലയും കൂട്ടരും വീണ്ടും സ്ക്രീനിൽ തെളിയുന്നത് കാണാൻ ഏറെ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. മോഹൻലാലിനൊപ്പം തന്നെ മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന മറ്റൊരു നടൻ കൂടിയുണ്ട്. അകാലത്തിൽ മൺമറഞ്ഞ് പോയ പ്രിയ കലാകാരൻ കലാഭവൻ മണി. ഛോട്ടാ മുംബൈയിൽ ഏറ്റവും അധികം മികച്ച് നിന്ന കഥാപാത്രമായിരുന്നു കലാഭവൻ മണിയുടെ സി.ഐ.നടേശൻ. അതിന് ഇന്നും ആരാധകർ ഏറെയുമാണ്.
'ഛോട്ടാ മുംബൈ റി റിലീസിൽ ഏറ്റവും കൂടുതൽ കയ്യടി നേടാൻ പോകുന്ന ഒരു എൻട്രി. വില്ലനായിട്ടുള്ള പക്കാ അഴിഞ്ഞാട്ടം. സി.ഐ.നടേശൻ തിയറ്റർ പൂരപ്പറമ്പാക്കും', എന്നാണ് ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'പതിവ് രീതിയിലുള്ള വില്ലനെ പോലെയായിരുന്നു നടേശൻ എന്ന കഥാപാത്രം. എന്നാൽ പൊലീസ് യൂണിഫോമിൽ ക്രിമിനലായി വിലസുന്ന, ഗുണ്ടാ സംഘങ്ങളുടെ തലവനായി വിളങ്ങുന്ന നടേശനായി കലാഭവൻ മണി എത്തിയപ്പോൾ, അതിനൊരു പുതുമ ഉണ്ടായിരുന്നു. അതുവരെ കാണാത്തൊരു പുതുമ', എന്നാണ് മറ്റൊരാൾ കുറിച്ചത്. മണി ചേട്ടൻ്റെ പ്രകടനം ഒന്നുകൂടി കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെ മറ്റുള്ളവരും കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം, മോഹൻലാലിന്റേതായി റി റിലീസ് ചെയ്യുന്ന നാലാമത്തെ സിനിമയാണ് ഛോട്ടാ മുംബൈ. മണിച്ചിത്രത്താഴ്, സ്ഫടികം, ദേവദൂതൻ എന്നിവയാണ് മുൻപ് റി റിലീസ് ചെയ്ത സിനിമകൾ. ഇതിൽ 5.4 കോടി രൂപ കളക്ഷൻ നേടി ദേവദൂതൻ ആണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന റി റിലീസ് ചിത്രമായി മാറിയത്.



