തിരുവനന്തപുരം: സിനിമാ മേഖലയിൽ സമഗ്രമായ നിയമനിർമ്മാണം ഉടൻ നടപ്പിലാക്കുമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലൻ. ഗ്രാമപ്രദേശങ്ങളിലടക്കം 500 സിനിമാ തിയറ്ററുകൾ സർക്കാർ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.സർക്കാർ നൽകുന്ന സാഹിത്യ സാംസ്കാരിക പുരസ്കാരങ്ങളുടെ തുക കൂട്ടാൻ തീരുമാനിച്ചതായും എകെ ബാലൻ തൃശൂരിൽ പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ വജ്രജൂബിലി ആഘോഷത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് സിനിമാ മേഖലയെ ശുദ്ധീകരിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ തുടക്കമിടുകയാണെന്ന് മന്ത്രി എകെ ബാലൻ വ്യക്തമാക്കിയത്. ചില താൽപര്യക്കാരുടെ കയ്യിലായിരുന്ന സിനിമയെ സംരക്ഷിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതിനായി സമഗ്രമായ നിയമം കൊണ്ടുവരും.ഗ്രാമപ്രദേശങ്ങളിൽ അടച്ചു പൂട്ടിയതടക്കം 500 തിയറ്ററുകൾ തുറക്കാനും തീരുമാനമായി.
എഴുത്തച്ഛൻ പുരസ്കാര തുക അടുത്ത കൊല്ലം മുതൽ അഞ്ച് ലക്ഷമാക്കും.സർക്കാർ നൽകുന്ന എല്ലാ സാഹിത്യ സാംസ്കാരിക പുരസ്കാരത്തുകയും കൂട്ടാൻ തീരുമാനിച്ചു.14 ജില്ലകളിലും സാസ്കാരിക കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങിയതായും മന്ത്രി പറഞ്ഞു. സാറ ജോസഫ്, യുഎ ഖാദർ എന്നിവർക്ക് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വ സമർപ്പണവും മന്ത്രി നിർവ്വഹിച്ചു.
