മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന അന്ന രേഷ്മ രാജനെന്ന ലിച്ചിയെ ഒടുവില്‍ മമ്മൂട്ടി നേരിട്ട് വിളിച്ചു. മമ്മൂട്ടി പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാനെന്ന് മലയാളികളുടെ പ്രിയതാരം ലിച്ചി ഫേസ്ബുക്കില്‍ കുറിച്ചു.

ലിച്ചിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

" മമ്മുക്ക വിളിച്ചു!! സംസാരിച്ചു... ആ വാക്കുകൾ പകർന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാൻ. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, അതും ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്‍റെ വിഷമത്തിലാണ് ഇന്നലെ ഞാൻ ലൈവ് വന്നത്... ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോൾ.

എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോൾ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തിൽ അങ്കമാലി ഡയറീസ് എന്ന എന്‍റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാൻ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു. ആ ചിത്രത്തിന്‍റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാൻ ലാലേട്ടനോടൊപ്പം വെളിപാടിന്‍റെ പുസ്തകത്തിൽ എത്തിയതും... ഉടൻ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളിൽ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാൻ കാണിച്ച ആ വലിയ മനസിന്‌, മമ്മൂക്കയ്ക്ക് നന്ദി...

നിങ്ങളുടെ സ്വന്തം,
ലിച്ചി "

ഒരു കോമഡി പ്രോഗ്രാമിലെ കമന്‍റിന്‍റെ പേരിലാണ് താരത്തിന് മമ്മൂട്ടി ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്നായിരുന്നു അന്നയോട് ചോദിച്ചത്. ദുൽക്കർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്‍റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്ന് അന്ന പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽക്കർ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നുമാണ് താന്‍ പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്. അതല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല.

താന്‍ ആരെയും വിമര്‍ശിക്കാനോ വിലയിരുത്തോനോ ശ്രമിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ലിച്ചി പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് അന്നയെ മമ്മൂട്ടി ഫോൺ വിളിച്ച് ആശ്വാസിപ്പിച്ചത്.