കൊച്ചി: പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയതില്‍ രൂക്ഷ പ്രതികരണവുമായി സംവിധായന്‍ ലിജോ ജോസ് പെല്ലിശ്ശേരി. 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ' എന്നാണ് ലിജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കൊവിഡ് കാലത്ത് മുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിർമ്മാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി ഷൂട്ടിംഗ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ചില സംവിധായകര്‍. ഫഹദ് ഫാസില്‍ നായനാവുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിൽ ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ചിത്രീകരണവുമായി മുന്നോട്ടുപോയാൽ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനെതിരെ അമ്മ, ഫെഫ്ക സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് അയച്ചു. 

അതേസമയം ഇപ്പോൾ ചിത്രീകരണം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത് ഒരു സിനിമയല്ലെന്നും ഡോക്യൂമെൻററി വിഭാഗത്തിലുള്ള വീഡിയോ ആണെന്നും നടൻ ഫഹദ് ഫാസിൽ വ്യക്തമാക്കി. നിർമ്മാതാക്കൾക്ക് അയച്ച കത്തിലാണ് ഫഹദ് ഇക്കാര്യം വിശദീകരിക്കുന്നത്. ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള വീഡിയോ ചിത്രമാണിതെന്നും കത്തിൽ ഫഹദ് പറയുന്നു.

Read more: പുതിയ ചിത്രത്തിൻ്റെ ഷൂട്ട് വിലക്കി നിർമ്മാതാക്കളുടെ സംഘടന: വിശദീകരണവുമായി ഫഹദ്

വിവാദം കൊഴുക്കുന്നുന്നതിനിടെ പുതിയ ചിത്രത്തിന്റെ ഷൂട്ട് അടുത്ത മാസം തുടങ്ങുമെന്ന് ആഷിഖ് അബു ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീര്‍പ്പ് കൽപ്പിക്കാനുള്ള അവകാശം ഒപിഎം സിനിമാസിനാണെന്നും അത് മറ്റാരേയും ഏൽപ്പിച്ചിട്ടില്ല എന്നും ആഷിഖ് അബു വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പിന്തുണയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയത്. അതേസമയം ഓടിടി റിലീസിന് പദ്ധതിയിട്ട് ഷൈൻ ടോം ചാക്കോ നായകനാകുന്ന സിനിമയുടെ ചിത്രീകരണം നാളെ തുടങ്ങും. 

Read more: റിമ കല്ലിങ്കല്‍ നായിക, ആഷിഖ് അബു ഛായാഗ്രഹണം; 'ഹാഗര്‍' വരുന്നു

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഉണ്ട'യ്ക്കു ശേഷം പുതിയ സിനിമയുമായി ഖാലിദ് റഹ്മാന്‍ എത്തുകയാണ്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ഖാലിദ് ആണ്. ആഷിഖ് ഉസ്‍മാന്‍ ആണു നിര്‍മ്മാണം. കൊവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും ആരോഗ്യസംബന്ധിയായ, സാധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടും സിനിമ നാളെ ആരംഭിക്കുകയാണെന്ന് നിര്‍മ്മാതാവ് അറിയിച്ചു. 

Read more: 'ഉണ്ട'യുടെ വിജയത്തിനു ശേഷം ഖാലിദ് റഹ്മാന്‍; പുതിയ ചിത്രം നാളെ തുടങ്ങുന്നു