മലയാളം പുതിയ വര്‍ഷത്തില്‍ കാത്തിരിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് പൃഥ്വിരാജിന്‍റെ ആദ്യ സംവിധാനസംരംഭമായ, മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍. കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു ആരാധകരെ അമ്പരപ്പിച്ച് പൃഥ്വി സിനിമ പ്രഖ്യാപിച്ചത്. തനിക്കും പ്രതീക്ഷകളുള്ള ഒരു പ്രോജക്ടാണ് ലൂസിഫറെന്ന് പറയുന്നു മോഹന്‍ലാല്‍. 

പൃഥ്വിയും മുരളിഗോപിയും പറഞ്ഞ ആശയം തനിക്ക് ഇഷ്ടപ്പെട്ടെന്നും മോഹന്‍ലാല്‍‌ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുന്നത്.

ലൂസിഫറിനെക്കുറിച്ചുള്ള ആലോചനകളിലാണ് ഞങ്ങള്‍. ഇപ്പോള്‍ അതിന്‍റെ ടൈറ്റില്‍ മാത്രമാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുവരുടെയും, പൃഥ്വിരാജിന്റെയും മുരളിഗോപിയുടെയും അച്ഛന്മാരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോപിച്ചേട്ടന്‍ (ഭരത്‌ഗോപി) സംവിധാനം ചെയ്ത ചിത്രത്തിലും സുകുമാരന്‍ ചേട്ടന്‍ നിര്‍മ്മിച്ച സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഓഫര്‍ വന്നപ്പോള്‍ ഞാന്‍ സ്വീകരിക്കുകയായിരുന്നു. 

ബോധ്യമുള്ള കലാകാരന്മാരാണ് പൃഥ്വിയും മുരളിയും. സിനിമ എന്ന മാധ്യമത്തെക്കുറിച്ച് നല്ല അറിവുള്ളവരാണ് ഇരുവരുമെന്ന് സംസാരത്തില്‍ നിന്ന് മനസിലായിട്ടുണ്ട്. ലൂസിഫറിന്റെ കണ്‍സെപ്റ്റ് എനിക്കിഷ്ടമായി. ആ ആശയം അവര്‍ തിരക്കഥയായി വികസിപ്പിക്കണം. അതെക്കുറിച്ച് സംസാരിക്കാനായി ഇരിക്കണം. ഉടന്‍തന്നെ ഞാന്‍ ഇരുവരെയും കാണുന്നുണ്ട്. ഒരു സാധാരണചിത്രമാണ് വരുന്നതെങ്കില്‍ ആളുകള്‍ ചോദിക്കും - മോഹന്‍ലാല്‍ പറയുന്നു