ആദ്യചിത്രമൊരുക്കുമ്പോള്‍ പൃഥ്വിരാജിലെ സംവിധായകന്‍ നേരിടുന്ന അധികവെല്ലുവിളി എന്തെന്ന് കാട്ടിത്തരുന്ന വീഡിയോ
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എന്ത് കാരണത്താലാണോ പ്രഖ്യാപനസമയം മുതല്‍ ഈ ചിത്രം വാര്‍ത്താപ്രാധാന്യം നേടുന്നത് അതേ കാരണത്താല്‍ ചിത്രീകരണസ്ഥലത്തും ആരാധകബാഹുല്യമുണ്ട്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ ആരവങ്ങള്‍ക്കിടെ ഏറെ ശ്രമപ്പെട്ടാണ് ചിത്രീകരണം മുന്നോട്ടുപോകുന്നത്. ആദ്യചിത്രമൊരുക്കുമ്പോള്‍ പൃഥ്വിരാജിലെ സംവിധായകന്‍ നേരിടുന്ന അധികവെല്ലുവിളി എന്താണെന്ന് കാട്ടിത്തരുന്ന ഒരു വീഡിയോ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഒരു പൊതുസ്ഥലത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗം ചിത്രീകരിക്കുന്ന പൃഥ്വിരാജും സംഘവുമാണ് വീഡിയോയില്‍.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവാണ് ലൂസിഫറിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, സായ്കുമാര്‍, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ നായികയാവുമ്പോള്‍ വിവേക് ഒബ്‌റോയ് പ്രതിനായക വേഷത്തിലെത്തുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം പകരുന്നത് ദീപക് ദേവ്.
