Asianet News MalayalamAsianet News Malayalam

'അങ്ങയുടെ എത്ര സിനിമകളില്‍ തിലകനെ അഭിനയിപ്പിച്ചിട്ടുണ്ട്'? ആഷിക് അബുവിനോട് എം.എ.നിഷാദിന്‍റെ ചോദ്യം

  • 'അന്ന് തിലകന് വേണ്ടി വാദിക്കാന്‍ എത്ര പേരുണ്ടായിരുന്നു'?
ma nishad against aashiq abu
Author
First Published Jun 25, 2018, 5:36 PM IST

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത തീരുമാനം വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നുണ്ട്. സിനിമയിലെ വനിതാസംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ആണ് വിഷയത്തില്‍ ഏറ്റവും ശക്തമായി പ്രതികരിച്ചത്. അതിക്രമത്തെ അതിജീവിച്ചയാളും അമ്മയുടെ ഭാഗം തന്നെ അല്ലേയെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അവരെ വീണ്ടും അപമാനിക്കലല്ലേ എന്നുമൊക്കെ ഡബ്ല്യുസിസി ചോദിച്ചു. ദിലീപിനെ തിരിച്ചെടുക്കുന്നതിനൊപ്പം പുറത്താക്കിയതില്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പ് ചോദിക്കണമെന്നൊക്കെ ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയില്‍ വാദം ഉയര്‍ന്നിരുന്നു. മുന്‍പ് നടന്‍ തിലകനെ വിലക്കിയ നടപടിയിലും അമ്മ മാപ്പ് ചോദിക്കാന്‍ തയ്യാറാവുമോ എന്ന് ചോദിച്ചായിരുന്നു സംവിധായകന്‍ ആഷിക് അബു ഈ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ആഷിക് അബുവിന്‍റെ പ്രസ്താവനയെ വിമര്‍ശിക്കുകയാണ് സംവിധായകന്‍ എം.എ.നിഷാദ്. ഇപ്പോള്‍ തിലകന്‍ നേരിട്ട അനീതിയെക്കുറിച്ച് സംസാരിക്കുന്ന ആഷിക് അബു തന്‍റെ ഏതൊക്കെ സിനിമകളില്‍ അദ്ദേഹത്തെ അഭിനയിപ്പിച്ചുവെന്നാണ് നിഷാദിന്‍റെ ചോദ്യം.

എം.എ.നിഷാദിന്‍റെ കുറിപ്പ്

തിലകൻ ചേട്ടന് വേണ്ടി മുതലക്കണ്ണീർ പൊഴിക്കുന്നവരോട്. സ്വന്തം അഭിപ്രായം ചങ്കൂറ്റത്തോടെ ആരുടെയും മുന്‍പിൽ വിളിച്ചുപറയാനുളള ആർജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടൻ തിലകനെ പടിക്കപ്പുറത്ത് നിർത്തിയ കാലം. തിലകൻ ചേട്ടന് വേണ്ടി വാദിക്കാൻ, പോട്ടെ ഒരു ചെറുവിരൽ അനക്കാൻ എത്ര പേരുണ്ടായിരുന്നു? തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട്? just asking.. ഒരാകാംക്ഷ, അങ്ങനെ കണ്ടാൽ മതി. തിലകൻ എന്ന മഹാനടനോട് കടുത്ത അനീതിയാണ് മലയാള സിനിമാ പ്രവർത്തകർ ചെയ്തത്. വിലക്കുകൾക്ക് പുല്ലുവില കൽപ്പിച്ച്, അദ്ദേഹത്തേ സിനിമയിൽ അഭിനയിപ്പിച്ച ഞങ്ങളെപ്പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ, സത്യം പറയാമല്ലോ. പുച്ഛം തോന്നുന്നു.. NB. അമ്മയുടെ നടപടിയെ സാധൂകരിക്കുന്നതല്ല എന്‍റെ ഈ പോസ്റ്റ്. ചിലത് കാണുമ്പോൾ പ്രതികരിച്ച് പോകും. നിലപാടുകൾ ഉളളത് കൊണ്ടുതന്നെയാണ്..

Follow Us:
Download App:
  • android
  • ios