കൊച്ചി: ഒരു കാലത്ത് മലയാളത്തിന്‍റെ പ്രിയ നടിയായിരുന്നു മാതു. അടുത്തിടെ മാതു വിവാഹത്തിന് വേണ്ടി മാതം മാറിയെന്ന തരത്തില്‍ വാർത്ത വന്നിരുന്നു. എന്നാല്‍ ഇതിന്‍റെ സത്യവസ്ഥ വെളിപ്പെടുത്തുകയാണ് നടി. ഒരു വനിത പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വാര്‍ത്തയുടെ സത്യവസ്ഥ നടി മാതു വെളിപ്പെടുത്തിയത്.

വിവാഹം കഴിക്കാനാണ് മതം മാറിയതെന്നാണ് കേട്ടല്ലോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെ, അമരത്തിൽ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവിൽ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നിൽ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. കുട്ടേട്ടനു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, പെരുന്തച്ചനിലെ കഥാപാത്രം. 

ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്.ഇത് വല്ലാത്ത വിഷമം ഉണ്ടാക്കി. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ ഞാൻ കരഞ്ഞു പ്രാർഥിച്ചു. വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോൺകോളെത്തി, അമരത്തിൽ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. പെരുന്തച്ചന്‍റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. 

ചെറിയ റോളിൽ അഭിനയിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. അന്നുമുതൽ ഞാൻ ജീസസിന്‍റെ മകളാണ്. അച്ഛന്‍റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. 

പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെപള്ളിയിൽ പോകും. പ്രാർഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്‍റെ ശക്തിയും. മാതു പറഞ്ഞ് നിര്‍ത്തുന്നു.