മുംബൈ: സിനിമാ നിര്‍മാതാവിന്റെ പരാതിയില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബോളിവുഡ് സിനിമ നിര്‍മാതാവ് ഷകീല്‍ നൂറാനി നല്‍കിയ പരാതിയില്‍ അന്തേരി മെട്രോപൊളിറ്റന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

2002 ല്‍ അമ്പത് ലക്ഷം രൂപ കൈപറ്റിയ ശേഷം ജന്‍ കി ബാസി എന്ന സിനിമ പൂര്‍ത്തിയാക്കാതെ ദത്ത് പിന്‍മാറിയെന്നാണ് നിര്‍മാതാവിന്റെ ആരോപണം. പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഉപയോഗിച്ച് ദത്ത് ഭീഷണിപ്പെടുത്തിയെന്നും ഷക്കീല്‍ നൂറാനി ആരോപിക്കുക്കുന്നു.

കേസില്‍ ഹാജരാകാത്തതിന് 2013ലും നടനെതിരെ  കോടതി  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയം, അഭിഭാഷകനും തങ്ങലും തമ്മിലുള്ള ആശയവിനിമയത്തിലെ പിഴവ് കാരണമാണ് കോടതിയില്‍ ഹാജരാകാതിരുന്നതെന്നും കേസിനെ ഗൗരവമായി കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സഞ്ജയ് ദത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. കേസില്‍ ഓഗസ്റ്റ് 29ന് കോടതി തുടര്‍വാദം കേള്‍ക്കും.