കീർത്തി സുരേഷിലൂടെ സാവിത്രിയും ദുൽഖറിലൂടെ ജമിനി ഗണേശനും വെള്ളിത്തിരയിലേക്കെത്തുകയാണ്

ചെന്നൈ:തെന്നിന്ത്യൻ നടി സാവിത്രിയുടെ സംഭവബഹുലമായ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. കീർത്തിസുരേഷും ദുൽഖർ സൽമാനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ രസകരമായ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ചിത്രത്തിന്‍റെ ഓ‍ഡിയോ ലോഞ്ചിനൊപ്പമാണ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്. 

കീർത്തി സുരേഷിലൂടെ സാവിത്രിയും ദുൽഖറിലൂടെ ജമിനി ഗണേശനും വെള്ളിത്തിരയിലേക്കെത്തുകയാണ്. 1950കളിൽ തമിഴ്, തെലുങ്ക് സിനിമാലോകം അടക്കിവാണ നടിയാണ് സാവിത്രി. സാവിത്രിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുമ്പോള്‍ വെല്ലുവിളികൾ ഏറെയായിരുന്നെന്ന് സംവിധായകൻ നാഗ് അശ്വിൻ പറയുന്നു. മഹാനടിയിലൂടെ തെലുങ്ക് സിനിമയുടെ ചരിത്രം കൂടിയാണ് സംവിധായകൻ പറയുന്നത്. രണ്ടായിരത്തില്‍ അധികം പേരെ ഓഡീഷൻ നടത്തിയാണ് ചിത്രത്തിലേക്ക് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്

മുപ്പത്തിരണ്ട് സെറ്റുകളിലായാണ് ചിത്രീകരണം നടന്നത്. പഴയ കാലത്തെ വെള്ളിത്തിരയിലേക്ക് എത്തിക്കാനുള്ള എല്ലാശ്രമവും മഹാനടിയിൽ നടത്തിയതായി അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രം റീലീസ് ചെയ്യും. ഹൈദരാബാദിൽ ഷൂട്ടിംഗ് പൂർത്തിയായ മഹാനടിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.