മുംബൈ: തെലുങ്കു സൂപ്പര്‍താരം മഹേഷ് ബാബു ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു. സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ എ.ആര്‍.മുരുഗദോസിന്‍റെ ചിത്രത്തിലൂടെയാണ് പ്രിന്‍സ് ബോളിവുഡില്‍ എത്തുന്നത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം ഇറങ്ങും. എന്നാല്‍ ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല.
ചിത്രത്തില്‍ ഹിന്ദിതാരം ആക്ഷയ്കുമാറിനെ മുരുഗദോസ് വില്ലനായി ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ വന്‍ വിജയമായ തുപ്പാക്കി, ഹിന്ദിയില്‍ മുരുഗദോസ് ഹോളിഡേ എന്ന പേരില്‍ എടുത്തപ്പോള്‍ അതില്‍ നായകന്‍ അക്ഷയ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ യന്തിരന്‍ 2.0യില്‍ രജനീകാന്തിന്‍റെ വില്ലന്‍ വേഷം ചെയ്യുന്ന അക്ഷയ് ഇതിന് സമ്മതം മൂളിയോ എന്നത് വ്യക്തമല്ല.
അതേ സമയം ബോളിവുഡില്‍ നിന്നും പരിണീതി ചോപ്രയെ ആണ് മുരുഗദോസ് നായികയായി പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഒരു ആക്ഷന്‍ പടമായിരിക്കും, എന്നാല്‍ ഇതില്‍ കൃത്യമായ സന്ദേശം ഉണ്ടായിരിക്കും എന്നാണ് പുതിയ ചിത്രം സംബന്ധിച്ച് മുരുഗദോസുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗജനി എന്ന ആദ്യപടത്തിലൂടെ ഹിന്ദിയില്‍ നൂറുകോടി ക്ലബില്‍ എത്തിയ സംവിധായകനാണ് മുരുഗദോസ്.
