വ‍ഡോദര: ലഗാന്‍,താരേ സമീന്‍ പര്‍,ദംഗല്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ സ്വന്തമാക്കിയ ബോളിവുഡ് താരം ആമിര്‍ ഖാന്‍ തന്‍റെ സ്വപ്‍ന പദ്ധതി'മഹാഭാരത'മാണെന്ന് വ്യക്തമാക്കി. 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സ്വപ്‍ന പദ്ധതിയെ കുറിച്ച് താരം വെളിപ്പെടുത്തിയത്.
 
സ്വപ്ന പദ്ധതിയാണ് മഹാഭാരതമെങ്കിലും സിനിമ തുടങ്ങാന്‍ ആമീര്‍ ഖാന് പേടിയാണ്. തന്‍റെ ജീവിതത്തിലെ 20 വര്‍ഷങ്ങളെങ്കിലും സിനിമ ആവശ്യപ്പെടുമെന്നതാണ് കാരണം. തന്‍റെ പ്രിയപ്പെട്ട കഥാപാത്രം കര്‍ണ്ണനാണ്. എന്നാല്‍ തന്‍റെ ശരീരഘടന അതിന് യോജിച്ചതല്ല അതിനാല്‍ കൃഷ്‍ണന്‍റെ വേഷമായിരിക്കും ചിത്രത്തില്‍ തനിക്കെന്നും താരം വെളിപ്പെടുത്തി. സ്വന്തം ബന്ധുക്കളെ താന്‍‌ എന്തിനാണ് കൊല്ലുന്നത് എന്ന്  കൃഷ്‍ണനോട്  ചോദിച്ച അര്‍ജുനനും തന്‍റെ പ്രിയപ്പെട്ട കഥാപാത്രമാണെന്ന് ആമിര്‍ ഖാന്‍.

സിനിമ എല്ലായിടങ്ങളിലും എത്തുന്നത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണെന്ന് പറഞ്ഞ താരം ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും തിയേറ്ററുകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു.45,000 തിയേറ്ററുകള്‍ ചൈനയിലുണ്ട് എന്നാല്‍ വെറും10,000 തിയേറ്ററുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളതെന്നും ആമിര്‍ ഖാന്‍ ചൂണ്ടിക്കാട്ടി.