കാലയുടെ തകര്‍പ്പൻ സെറ്റ്, ആവേശകരമായ മേയ്‍ക്കിംഗ് വീഡിയോ

സ്റ്റൈൽമന്നൻ ചിത്രം കാലയുടെ ആവേശകരമായ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചേരിത്തലവന്റെ കഥ പറയുന്ന സിനിമയ്‍ക്കായി ചെന്നൈയിൽ തീർത്തത് മുംബൈ ധാരാവിയുടെ പടുകൂറ്റൻ സെറ്റ്

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചേരി. ഏഴ് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന മുംബൈ ധാരാവി.. അധോലോക നായകൻമാരുടെ താവളം.. ധാരാവിയിൽ തന്നെ ചിത്രീകരിച്ച സിനിമകൾ ഏറെ.. പക്ഷേ കാലയുടെ വിഹാരകേന്ദ്രമായ ധാരാവി ചെന്നൈ തന്നെ. സംവിധായകൻ പാ രഞ്ജിതും കലാം സംവിധായകൻ രാമലിംഗവും ചെന്നൈയിൽ തീർത്തത് ഒറിജിനലിനെ വെല്ലുന്ന ധാരാവി.

മാസങ്ങൾ നീണ്ട ആസൂത്രണം, ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനം, റോഡും പാലവും വീടുകളും മുതൽ ധാരാവിയെ അടയാളപ്പെടുത്തുന്ന ധോബി ഘാട്ടും, കുമ്പർവാഡയും എല്ലാം തമിഴ് മണ്ണിൽ ഉയർന്നു. പാ രഞ്ജിതും രാമലിംഗവും ദിവസങ്ങളോളം ധാരാവിയുടെ ജീവിതം അടുത്തറിഞ്ഞ ശേഷം ആണ് സെറ്റ് തീർത്തത്.

തിരുനെൽവേലിയിൽ നിന്ന് മുംബൈയിലേക്ക് കുടിയേറിയ കാല.. ഭാര്യ , 5 മക്കൾ.. പുറംലോകത്തിന് അധോലോകനായകൻ.. പക്ഷേ ധാരാവിക്കാർക്ക് ചേരിയുടെ നായകൻ.. കാലയെ കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്നതാണ് പുറത്തുവരുന്ന ഓരോ വീഡിയോയും.

ഏഴിനാണ് കാല തീയറ്ററുകളിലെത്തുന്നത്.