ആരാധകർക്കായി പ്രഖ്യാപിച്ച 'തെരി'യുടെ പൊങ്കൽ റീ-റിലീസ് മാറ്റിവെച്ചു
'ജന നായകൻ' സെൻസർ പ്രതിസന്ധി തുടരുന്നതിനിടെ വിജയ് ആരാധകർക്ക് ആശ്വാസമെന്നോണം പൊങ്കൽ ആഘോഷമാക്കാൻ 'തെരി' റീ റിലീസ് പ്രഖ്യാപിച്ചിരുന്നു. ഈ മാസം പതിനഞ്ചിനായിരുന്നു ചിത്രത്തിന്റെ റീ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ റിലീസ് നിശ്ചയിച്ച മറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ അഭ്യർത്ഥന മാനിച്ച് തെരി റീ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.
2016-ൽ റിലീസ് ചെയ്ത ചിത്രം പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലായിരുന്നു റീ റിലീസ് പ്രഖ്യാപിച്ചത്. ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് പകർന്നാടിയ ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തത് അറ്റ്ലിയാണ്. സാമന്ത, എമി ജാക്സൺ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഇതിനകം നിരവധി ഭാഷകളിൽ തെരിയുടെ റീമേക്ക് റിലീസ് ചെയ്തിട്ടുണ്ട്.
അതേസമയം മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരായ ജന നായകൻ നിർമ്മാതാക്കളുടെ അപ്പീൽ സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇന്നലെ അപ്പീൽ ഫയൽ ചെയ്തെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുൻപിൽ ഇന്നും കേസ് പരാമർശിച്ചില്ല. നാളെ മകര സംക്രാന്തി കാരണം കോടതിക്ക് അവധിയായതിനാൽ ഇനി മറ്റന്നാൾ കേസ് പരിഗണിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് തമിഴ്നാട്ടിൽ പൊങ്കൽ അവധി. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കിറക്കരുതെന്ന് ആവശ്യപ്പെട്ട്, സെൻസർ ബോർഡും തടസ്സഹർജി നൽകിയിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിനിറങ്ങുന്ന വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകൻ എത്തുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ജന നായകൻ എന്ന ചിത്രത്തോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ. ജനനായകൻ എന്ന ഈ അവസാന അദ്ധ്യായം തിയേറ്ററുകളിൽ അനുഭവിക്കാൻ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകവ്യാപകമായി ഭാഷക്കതീതമായി ഓരോ പ്രേക്ഷകനും വിജയ് ആരാധകരും.



