വളരെ പെട്ടന്നുതന്നെ മലയാളമിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തിലിടംനേടിയ താരമാണ് മാളവികാ കൃഷ്ണദാസ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക, മലയാളികളുടെ മാളുവായി മാറുന്നത്. ലാല്‍ജോസ് സംവിധാനംചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെ താരം ബിഗ്‌സ്‌ക്രീനിലേക്കും ചുവടുവെച്ചുകഴിഞ്ഞു. മാളവിക ഈയിടെ അഭിനയിച്ച മിഴി രണ്ടിലും എന്ന ആല്‍ബം ഇരുകയ്യോടെയുമാണ് പ്രേക്ഷകര്‍ സ്വകരിച്ചത്.

പതിനൊന്നാം വയസ്സില്‍ തന്റെ എല്ലാമെല്ലാമായിരുന്ന അച്ഛനെ നഷ്ടമായതും, ശേഷം അഭിനയമോഹങ്ങള്‍ എല്ലാം ഉപേക്ഷിച്ച താന്‍ വീണ്ടും തിരികെയെത്തിയതുമായ ജീവിതകഥ താരം ജോഷ് ടോകിലൂടെയാണ് പങ്കുവച്ചത്. 'വളരെ ചെറുപ്പത്തില്‍ത്തന്നെ ഒരു ഡാന്‍സ് റിയാലിറ്റിഷോയില്‍ പങ്കെടുക്കുകയും അതില്‍ റണ്ണറപ്പാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാന്‍ അവസരവും കിട്ടി. ഞാനും അച്ഛനുമാണ് പോയത്. തിരിച്ചുവരുന്ന വഴിക്കാണ് അച്ഛന് വയ്യാതാകുന്നതും, ഫ്‌ളൈറ്റ് ഇമ്മീഡിയേറ്റ് ലാന്‍ഡ് ചെയത് അച്ഛനെ ആശുപത്രിയിലാക്കുന്നതും, അപ്പോഴൊന്നും എനിക്ക് ഒന്നും മനസ്സിലായില്ല പിന്നീടാണ് അറിയുന്നത് അച്ഛന്‍ പോയെന്ന്. അച്ഛനെതിലുപരിയായി എനിക്കെന്റെ വലിയ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. എന്റെ എല്ലാ കുസൃതിക്കും അച്ഛനായിരുന്നു കൂട്ട് അങ്ങനെയാണ് അച്ഛൻ ഹീറോയാകുന്നത്. സാധാ വീട്ടമ്മയായിരുന്ന അമ്മയ്ക്ക് എല്ലാം പേടിയായിരുന്നു. അങ്ങനെയാണ് അമ്മ വില്ലത്തിയാകുന്നത്.'

എന്നാല്‍ അച്ഛന്റെ മരണശേഷം വില്ലത്തിയായ അമ്മ, ശരിക്കുമുള്ള ഹീറോ ആയതിനെപ്പറ്റിയും താരം പറയുന്നുണ്ട്. അച്ഛന്റെ ആഗ്രഹം നിറവേറ്റണമെന്ന് അമ്മയ്ക്ക് തോന്നിയിരിക്കണം, അതായിരിക്കാം അമ്മ പിന്നെ തന്റെകൂടെ നിന്നതെന്നാണ് താരം പറയുന്നത്. പിന്നീട് വീണ്ടും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാനുള്ള ഊര്‍ജ്ജം അമ്മയായിരുന്നുവെന്നും, നായികാ നായകനില്‍ എത്തുമ്പോഴും തനിക്ക് ഒരു ആത്മവിശ്വാസം ഇല്ലായിരുന്നെന്നും താരം പറയുന്നു.  എന്നാല്‍ മുന്നോട്ടുവച്ചകാല്‍ പിന്നോട്ട് എടുക്കരുതെന്നും, നമുക്ക് എന്തെങ്കിലും നഷ്ടമാകുമ്പോള്‍, നഷ്ടപ്പെട്ടതിനെക്കുറിച്ച് വ്യാകുലപ്പെടാതെ നമുക്കുള്ളതിനെപ്പറ്റി ആലോചിക്കണമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.