കൊച്ചി: ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് താരങ്ങളെ വിലക്കാന്‍ നീക്കം. ഫിലിം ചേംബറിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിത്തില്‍ താര സംഘടനായ അമ്മയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റതിന്‍റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച യോഗം ചേരുന്നതെന്ന് ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു. 

ചാനലുകളുടെ പരിപാടികളില്‍നിന്ന് താരങ്ങള്‍ വിട്ടുനില്‍ക്കണമെന്ന ആവശ്യം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഈ വാദം ശക്തമായി ഉയര്‍ന്നുവന്നത്. സിനിമാ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നായിരുന്നു ആരോപണം.

നിര്‍ദേശങ്ങള്‍ പല തലത്തില്‍നിന്ന് ഉയര്‍ന്നുവന്നെങ്കിലും നിലവില്‍ താരങ്ങള്‍ ഇതിനോട് പൂര്‍ണമായി സഹകരിക്കുന്നില്ല. നിര്‍ദേശം നടപ്പായാല്‍ ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളിലും അനുബന്ധ പരിപാടികളിലുമൊന്നും താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല.