ഇന്നത്തെ കാലത്ത് ഇത്രയും സാമൂഹികബോധമുളള മറ്റൊരു നടിയുണ്ടോ എന്ന് സംശയിച്ചുപോകും. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ കൃത്യസമയത്തെ പ്രതികരണത്തിലൂടെ വീണ്ടും മിടുക്കി എന്ന് തെളിയിച്ചിരിക്കുകയാണ് ഈ നടി. മറ്റാരുമല്ല, മലയാളികളുടെ പ്രിയ നടി പാര്‍വതിയെ കുറിച്ച് തന്നെ. യാത്രക്കാരെ ഗുരുതരമായി ബാധിച്ചേക്കാവുന്ന പ്രശ്നത്തിന് തന്‍റെ ഒറ്റ ഫോൺ കോള്‍ കൊണ്ട് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പാര്‍വതി.

പുലര്‍ച്ചെ കൊച്ചി പനമ്പള്ളി നഗറിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു നടി പാര്‍വതി. അതിനിടെയാണ് കാറില്‍ എന്തോ തട്ടുന്ന ശബ്ദം കേള്‍ക്കുന്നത്. കാറിന്‍റെ മിറര്‍ ഇളകി. പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് റോഡിലേക്ക് വീണുകിടക്കുന്നു ഒരു കമ്പി ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ കെഎസ്ഇബി ഓഫീസില്‍ വളിച്ചറിയിച്ചു. ശേഷം മടങ്ങുകയല്ല താരം ചെയ്തത്. ലൈന്‍ നന്നാക്കാന്‍ വൈദ്യുതി ബോര്‍ഡില്‍ നിന്ന് ആളുകള്‍ വരുന്നതുവരെ ഉറക്കച്ചടവോടെ പാര്‍വതി ഡ്രൈവര്‍ക്കൊപ്പം റോഡില്‍ നിന്നു.

ലൈന്‍ വീണു കിടക്കുന്നത് അറിയാതെ പാഞ്ഞുവന്ന വാഹനങ്ങള്‍ ഡ്രൈവര്‍ തടയുകയും വഴിതിരിച്ചുവിടുകയും ചെയ്തു. പാര്‍വതി തന്‍റെ മൊബൈലെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഒരു ലൈവ് വീഡിയോയും പോസ്റ്റ് ചെയ്തു. വീണ് കിടന്ന കേബിള്‍ ഇരുട്ടത്ത് അദൃശ്യമായതിനാല്‍ ബൈക്ക് യാത്രികാരടക്കം കൂടുതല്‍ പേര്‍ അപകടത്തില്‍ പെടാനുളള സാധ്യത കണക്കിലെടുത്താണ് താരം മുന്നറിയുപ്പുമായി ലൈവിലെത്തിയത്. തന്‍റെ ഈ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറാനും അഭ്യര്‍ഥിച്ചു.

ഒരു കേബിളായിരുന്നു പൊട്ടിക്കിടന്നത്. കെഎസ്ഇബി ജീവനക്കാര്‍ അത് മാറ്റി അപകടം ഒഴിവാക്കി. ഇതിനുശേഷം വീഡിയോയില്‍ അവര്‍ക്ക് നന്ദി രേഖപ്പെടുത്തിയാണ് പാര്‍വതി മടങ്ങിയത്.