കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനിലും തെരഞ്ഞെടുപ്പ് തിരക്ക്. പരസ്യ പ്രചരണവുമായി ഓടി നടക്കുന്ന സ്ഥാനാര്‍ത്ഥികളാണ് കക്ഷി രാഷ്‌ട്രിയ ഭേദമില്ലാതെ മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാന്‍ ലൊക്കേഷനില്‍ എത്തിയത്.

കോട്ടയം സിഎംഎസ് കോളേജാണ് വേദി. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തകൃതിയായി പുരോഗമിക്കുന്നു. ഇടയ്‍ക്കു നായകനെ തേടി അതിഥിയത്തി. പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. കോട്ടയത്തെ ഇടത് സ്ഥാനാര്‍ത്ഥിയുടെ കൈപിടിച്ച് വിജയാശംസ നേര്‍ന്നു മമ്മൂട്ടി.

പിന്നാലെ സിനിമാ മന്ത്രിയെത്തി. ദീര്‍ഘകാലമായുള്ള സൗഹൃദം പുതുക്കാനും പങ്കുവക്കാനും വേദിയൊരുങ്ങിയതില്‍ ഇരുവര്‍ക്കും സന്തോഷം. ഇടയ്‍ക്ക് അല്‍പ്പം തെരഞ്ഞെടുപ്പ് വര്‍ത്തമാനം. കേരളത്തിലിത്തവണ കടുത്ത മത്സരമാണെന്ന് മമ്മൂട്ടി. സന്ദര്‍ശനത്തില്‍ രാഷ്‌ടീയമില്ലെന്ന് തിരുവഞ്ചൂര്‍. തനിക്ക് കോട്ടയത്ത് വോട്ടില്ലെന്ന് സ്ഥാനാര്‍ത്ഥികളോടും മാധ്യമങ്ങളോടുമായി മമ്മൂട്ടി പറഞ്ഞു.