കൊച്ചി: ട്വന്റി ട്വന്റിക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളായ സിനിമ പ്രേക്ഷകരിലെത്തുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് പതിറ്റാണ്ടായി മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

സിനിമാ പ്രസിദ്ധീകരണമായ നാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുലിമുരുകന്റെ രചയിതാവും മലയാളത്തിലെ നിരവധി മള്‍ട്ടിസ്റ്റാര്‍ ഹിറ്റുകളുടെ സഹരചയിതാവുമായ ഉദയകൃഷ്ണയുടെ കന്നിസംവിധാന സംരംഭമാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ഉദയകൃഷ്ണ സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ച് മറ്റ് ചില പ്രൊജക്ടുകള്‍ കൂടി അണിയറയില്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും അറിയുന്നു. ഏതായാലും 2017 അവസാനത്തിലോ 2018ലോ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണിപെരുമ്പാവൂരും ആന്റോജോസഫ് കമ്പനിയുടെ ബാനറില്‍ ആന്‍റോജോസഫും ചേര്‍ന്നായിരിക്കും ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുകയെന്നാണ് നാനാ സിനിമാ വാരിക റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ അമ്പത്തിയഞ്ചോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.