ആദ്യദിനം തന്നെ മമ്മൂട്ടി സെറ്റിലെത്തി

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ജീവചരിത്രചിത്രം യാത്രയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചു. മലയാളത്തില്‍ തന്‍റെ ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്‍റെ സന്തതികള്‍ തീയേറ്ററില്‍ മികച്ച അഭിപ്രായം നേടി തുടരുമ്പോള്‍ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയ ദിവസം തന്നെ മമ്മൂട്ടിയുമെത്തി. മലയാളത്തിലെ താരങ്ങളോട് മറുഭാഷാ ഇന്‍റസ്ട്രികള്‍ക്കുള്ള ബഹുമാനം എന്തെന്ന് വെളിവാക്കുന്നതായിരുന്നു മമ്മൂട്ടിക്ക് അവര്‍ നല്‍കിയ സര്‍പ്രൈസ് സ്വീകരണം. സൂപ്പര്‍ഹിറ്റ് ചിത്രം രാജമാണിക്യത്തിലെ പാട്ടിനൊപ്പം നൃത്തമാടിയും പല മമ്മൂട്ടി ചിത്രങ്ങളിലെ പഞ്ച് ഡയലോഗുകള്‍ പ്ലേ ചെയ്തുമാണ് സെറ്റിലെത്തിയ മമ്മൂട്ടിയെ യാത്ര ക്രൂ സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പരക്കുന്നുണ്ട്.

Scroll to load tweet…

നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. മഹി പി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക നയന്‍താരയാണ്. വൈഎസ്ആറിന്‍റെ 1999 മുതല്‍ 2004 വരെയുള്ള ജീവിതകാലത്തിലേക്കാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. രാജശേഖര റെഡ്ഡി നടത്തിയ 1500 കിലോമീറ്റര്‍ നീണ്ട പദയാത്രയെക്കുറിച്ചും ആന്ധ്രപ്രദേശില്‍ അത് സൃഷ്ടിച്ച രാഷ്ട്രീയമായ അനന്തരഫലങ്ങളെക്കുറിച്ചുമാണ് ചിത്രം പ്രധാനമായും പറയുന്നത്. മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഒരുക്കുന്ന മറ്റൊരു കഥാപാത്രമാകും വൈഎസ്ആര്‍ എന്നാണ് സിനിമാലോകവും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ സാരഥി സ്റ്റുഡിയോസിലാണ് ഇന്ന് ചിത്രീകരണം ആരംഭിച്ചത്.

ചിത്രീകരണത്തില്‍ നിന്ന്