മമ്മൂട്ടിയുടെ സമീപകാല ഫിലിമോഗ്രഫിയില്‍ മികച്ച അഭിപ്രായം നേടുന്ന രണ്ട് സിനിമകള്‍ ഒരാഴ്ചയുടെ വ്യത്യാസത്തില്‍ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടും മറുഭാഷകളില്‍ നിന്ന്. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പും മഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യാത്രയും. കേരളത്തിനൊപ്പം അതാത് സംസ്ഥാനങ്ങളും ഇരുചിത്രങ്ങളും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. 'യാത്ര'യിലൂടെ ആദ്യമായി മമ്മൂട്ടി എന്ന നടനെ കണ്ടറിഞ്ഞ അനേകം പ്രേക്ഷകര്‍ ആന്ധ്രയിലും തെലുങ്കാനയിലുമുണ്ട്. അത്തരം പ്രേക്ഷകരില്‍ പലരും ട്വിറ്ററിലൂടെ തങ്ങളുടെ അഭിപ്രായം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് താരം അനസൂയ ഭരദ്വാജ് പറയുകയാണ് മമ്മൂട്ടിയെക്കുറിച്ച്. ഗോവ്‌രു ചരിത റെഡ്ഡി എന്ന കഥാപാത്രമായാണ് അനസൂയ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള കോമ്പിനേഷന്‍ രംഗവുമുണ്ട് അനസൂയയ്ക്ക്.

ഈ ഇതിഹാസത്തെക്കുറിച്ച് ഇതുവരെ പറയപ്പെട്ടതെല്ലാം കുറച്ച് മാത്രമാണെന്ന് തോന്നുന്നു. മമ്മൂട്ടി സര്‍, വൈഎസ്ആറിനെ ഞങ്ങളുടെ മുന്നില്‍ പുനരുജ്ജീവിപ്പിക്കും വിധം അവതരിപ്പിച്ചതിന് നന്ദി. യാത്രയില്‍ നിങ്ങളെ വീണ്ടും വീണ്ടും കാണുമ്പോഴും ഞങ്ങള്‍ക്ക് അങ്ങനെതന്നെ തോന്നുന്നു.

, അനസൂയ ട്വിറ്ററില്‍ കുറിച്ചു.

വൈഎസ്ആറിന്റെ രാഷ്ട്രീയജീവിതം പറയുന്ന 'യാത്ര' പക്ഷേ അദ്ദേഹത്തിന്റെ കാലഘട്ടത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന ഒന്നല്ല. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.