എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രസംഗം വൈറലാകുന്നു. ഒരിക്കലും ഡോക്ടറാകാൻ കഴിയില്ലെന്ന് കരുതിയ തനിക്ക് രണ്ടുതവണ ഡോക്ടറേറ്റ് നല്കിയെന്നാണ് മമ്മൂട്ടി ഹാസ്യരൂപേണ പറഞ്ഞത്.
"എന്നെയൊരു ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിൽ താത്പര്യമില്ലാതിരുതിനാൽ ഞാൻ കാര്യമായൊന്നും പഠിച്ചിരുന്നുമില്ല. ഡോക്ടറാകാൻ അച്ഛൻ എന്നെക്കൊണ്ട് സെക്കൻഡ് ഗ്രൂപ്പിന് പ്രീഡിഗ്രിക്ക് തേവര കോളജിൽ ചേർത്തു. മലയാളം ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഇംഗ്ലീഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അൻപത് ശതമാനം മാർക്ക് മാത്രം വാങ്ങി പാസായ എനിക്ക് ഇംഗ്ലീഷിൽ കാര്യമായ പരിജ്ഞാനമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ കൊല്ലം പ്രീഡിഗ്രിക്ക് പരാജയപ്പെട്ടു.
പിന്നെ ഒരിക്കലും ഡോക്ടറാകാൻ കഴിയില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ അത്ഭുതമെന്നു പറയട്ടെ കേരള യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ഡോക്ടറായി എന്നെ അംഗീകരിച്ചു. പക്ഷെ ചികിത്സിക്കാനുള്ള ഡോക്ടർ അല്ലന്നു മാത്രം. കറുത്ത ഗൗണൊക്കെ ഇട്ട് യഥാർഥ ഡോക്ടർമാർ ഇരിക്കുന്നത് കാണുന്പോൾ സന്തോഷം തോന്നാറുണ്ട്. ഞാനും കറുത്ത ഗൗണ് ഇട്ടിട്ടുണ്ട്. പക്ഷെ ഡോക്ടർമാരുടെത് അല്ലന്നുമാത്രം..’ മമ്മൂട്ടി പറയുന്നു.
ആദ്യം നല്ല മനുഷ്യരാകുകയാണ് വേണ്ടതെന്നും അതിനുശേഷം നല്ല ഡോക്ടറകണമെന്നും മമ്മൂട്ടി ഉദ്ബോധിപ്പിച്ചു. ’നല്ല ഡോക്ടർക്കേ നല്ല മനുഷ്യനാകാൻ കഴിയു. സേവനം ജോലിയല്ല മറിച്ച്, ഒരു വികാരമാണ്. രോഗങ്ങൾക്കാണ് ചികിത്സിക്കേണ്ടത്. രോഗങ്ങൾ ഉണ്ടായാൽ മാത്രമാവണം ചികിത്സ. രോഗങ്ങൾ വരാതിരിക്കാനുള്ള ചികിത്സയെപ്പറ്റിയും അറിയണം.
രോഗങ്ങൾ വരുന്നതിനു മുൻപ് ചികിത്സിക്കണമെന്നാണ് എന്റെ അഭിപ്രായം. പാവപ്പെട്ടവന് ഒരു ചികിത്സ പണക്കാരന് മറ്റൊരു ചികിത്സ എന്നൊന്നില്ല. രോഗി എന്ന കാഴ്ചപ്പാട് മാത്രമേ ഉണ്ടാകാൻ പാടുള്ളുന്ധ. മുഖ്യമന്ത്രി അടക്കമുള്ളവർ ഇരുന്ന സദസിൽ നിന്നും കേട്ട മമ്മൂട്ടിയുടെ പ്രസംഗത്തെ നിറഞ്ഞ കൈയടികളോടെയുമാണ് വിദ്യാർഥികൾ സ്വീകരിച്ചത്. മമ്മൂട്ടിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
