മാമാങ്കം പശ്ചാത്തലമാക്കുന്ന ഒരു മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ഏറെക്കാലമായി ഊഹാപോഹങ്ങളുണ്ടായിരുന്നു. ഒടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ പ്രഖ്യാപനവുമായി രംഗത്തെത്തി. വളളുവനാടിന്‍റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കത്തിന്‍റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി തന്‍റെ ഫേയ്സ്ബുക്കില്‍ കുറിച്ചു. പഴശ്ശിരാജാ ഇറങ്ങി എട്ട് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് മമ്മൂട്ടിയുടെ ഈ പ്രഖ്യാപനവും. നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് മാമാങ്കം. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.
പതിനേഴാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്‍റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ അനുവാദം തന്ന നവോദയയ്ക്ക് മമ്മൂട്ടി തന്‍റെ പോസ്റ്റിലൂടെ നന്ദി അറിയിച്ചു. വലിയ താരനിരയാകും ചിത്രത്തിലുണ്ടാവുക എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്‍റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്ന ചിത്രമാണ് മാമാങ്കം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങും.
അടൂര്‍ ഗോപാലകൃഷ്ണന്‍റെ 'നിഴല്‍ക്കുത്ത്' അടക്കമുളള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു സജീവ് പിളള. 'വടക്കന്‍ വീരഗാഥ'യും 'പഴശ്ശിരാജ'യും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഹരിഹരന്‍ മമ്മൂട്ടിയെ നായകനാക്കി ഒരു വടക്കന്‍പാട്ട് സിനിമ കൂടി ഒരുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 'പയ്യംപിള്ളി ചന്തു'വിന്റെ ജീവിതം പ്രമേയമാക്കുന്ന സിനിമയ്ക്ക് സംവിധായകന്‍
രഞ്ജിത്താണ് തിരക്കഥയൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ചര്‍ച്ച പുരോഗമിക്കുന്നതേയുള്ളുവെന്നും അനൗണ്‍സ്‌മെന്റ് ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ഹരിഹരന്‍ പ്രതികരിച്ചിരുന്നു.
ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.
