ഏറെക്കാലത്തിന് ശേഷമാണ് കുടുംബ ബന്ധത്തിന്‍റെ ആഴവും സ്നേഹവും പറഞ്ഞുള്ള ഒരു ചിത്രം വെള്ളിത്തിരയിലെത്തുന്നത്. പ്രതിസന്ധിയും പ്രശ്നങ്ങളും വേദനകളും മനോഹരമായി അവതരിപ്പിച്ച് വിജയം നേടാനായി എന്ന് മാംഗല്യം തന്തുനാനേന കണ്ടിറങ്ങുന്ന പ്രക്ഷേകന് ഉറപ്പിച്ച് പറയാം.

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷമാണ് കുടുംബ ബന്ധത്തിന്‍റെ ആഴവും സ്നേഹവും പറഞ്ഞുള്ള ഒരു ചിത്രം വെള്ളിത്തിരയിലെത്തുന്നത്. പ്രതിസന്ധിയും പ്രശ്നങ്ങളും വേദനകളും മനോഹരമായി അവതരിപ്പിച്ച് വിജയം നേടാനായി എന്ന് മാംഗല്യം തന്തുനാനേന കണ്ടിറങ്ങുന്ന പ്രക്ഷേകന് ഉറപ്പിച്ച് പറയാം. കണ്ടുമറഞ്ഞ കഥാസന്ദര്‍ഭങ്ങളുണ്ടെങ്കിലും രണ്ടര മണിക്കൂറോളം പ്രേക്ഷകനെ ബോറടിപ്പിക്കാതെ കൊണ്ടുപോകാനായി എന്നതില്‍ പുതുമുഖ സംവിധായിക സൗമ്യ സദാനന്ദന് അഭിമാനിക്കാം.

റോയി എന്ന ഭര്‍ത്താവ് വേഷം പക്വതയായി കൈകാര്യം ചെയ്തതിലൂടെ കുടുംബങ്ങളുടെ പ്രിയ നായകനായി മാറാന്‍ കുഞ്ചാക്കോ ബോബന് സാധിച്ചിട്ടുണ്ട്. നര്‍മ്മവും സങ്കടവും കൈകാര്യം ചെയ്യുന്നതിലും ചാക്കോച്ചന് വിജയം നേടാനായി. തൊണ്ടിമുതലും ദൃക്സാക്ഷികളുമെന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനം നിമിഷ സജയന് ക്ലാരയിലൂടെ ആവര്‍ത്തിക്കാനായി. സമ്പന്ന കുടുംബത്തില്‍ നിന്ന് സാധാരണക്കാരനായ ചെറുപ്പക്കാരനെ വിവാഹം കഴിച്ച് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ തന്മയത്വത്തോടെയാണ് നിമിഷ കൈകാര്യം ചെയ്തത്.

പലതവണ പറഞ്ഞ പ്രമേയമാണെന്നതാണ് പ്രേക്ഷകനെ സംബന്ധിച്ചടുത്തോളം നേരിടുന്ന വെല്ലുവിളി. പ്രമേയത്തില്‍ പുതുമയൊന്നും അവകാശപ്പെടാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കില്ല. കഥ പറഞ്ഞ രീതിയിലും സവിശേഷതകളില്ല. എന്നാല്‍ എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങള്‍ക്ക് ഒരേ മുഖമാണെന്നും എത്ര പറഞ്ഞാലും തീരാത്തതാണ് അത്തരം പ്രശ്നങ്ങളെന്നും പറഞ്ഞ് വിജയിക്കാന്‍ മാംഗല്യം തന്തുനാനേനയ്ക്ക് സാധിച്ചു.

കുടുംബ ബന്ധത്തിന്‍റെ കഥ ആഴത്തില്‍ പറയാനാണ് മാംഗല്യം തന്തുനാനേന ശ്രമിച്ചിട്ടുള്ളത്. സമ്പന്നതയുടെ തണലില്‍ ജീവിച്ച ക്ലാര (നിമിഷ)യെ ഇടത്തരം കുടുംബത്തില്‍ പ്രാരാബ്ധങ്ങള്‍ പേറുന്ന റോയി(കുഞ്ചാക്കോ) വിവാഹം ചെയ്യുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ജോലി നഷ്ടപെടുന്നതോടെ റോയി പ്രശ്നങ്ങളുടെ നിലയില്ലാ കയത്തില്‍ അകപ്പെടുന്നു. പിണങ്ങിയും ഇണങ്ങിയും പ്രതിസന്ധികളില്‍ തളര്‍ന്നും
കയറിയുമുള്ള കുടുംബ കഥയില്‍ ഭാര്യയുടെയും അമ്മയുടെയും സ്നേഹത്തിന്‍റെ ആഴം വിവരിക്കാന്‍ സംവിധായിക ശ്രദ്ധിച്ചിട്ടുണ്ട്. അതു തന്നെയാണ് ചിത്രത്തിന് ബലം നല്‍കുന്നതും.

പ്രശ്നങ്ങളുടെ നടുവില്‍ നിന്ന് രക്ഷപ്പെടാനായുള്ള നായകന്‍റെ ശ്രമങ്ങള്‍ വലിയ കുരിക്കിലേക്കാണ് കൊണ്ടുപോകുന്നത്. സ്വര്‍ണത്തിനും പണത്തിനും വേണ്ടി ഭാര്യയോട് തല്ല് കൂടുന്ന സ്ഥിരം ഭര്‍ത്താവായി ചിലയിടങ്ങളില്‍ റോയി മാറുന്നുണ്ട്. ഭര്‍ത്താവിനോടുള്ള സ്നേഹം ഉള്ളിലൊതുക്കുന്ന നായികയും പ്രശ്നങ്ങള്‍ ഭാര്യയോട് പങ്കുവയ്ക്കാത്ത നായകനും ആവര്‍ത്തന വിരസത ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ കഥാ സന്ദര്‍ഭങ്ങളിലൂടെ സംവിധായിക അത് മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ശാന്തി കൃഷ്ണയുടെ അമ്മ വേഷവും ഹരീഷ് കണാരന്‍റെ ഷംസു എന്ന കഥാപാത്രവും മംഗല്യം തന്തുനാനേനയ്ക്ക് ഗുണമായി. കഷ്ടപാടുകള്‍ക്ക് നടുവില്‍ പതറാതെ മകനെ മുന്നോട്ട് നയിക്കാനുള്ള ആര്‍ജ്ജവമുള്ള അമ്മവേഷത്തില്‍ ശാന്തി കൃഷ്ണയ്ക്ക് കയ്യടി ലഭിക്കുകയാണ്. നായകന്‍റെ നിഴല്‍ പോലെ മുഴുനീളം പ്രത്യക്ഷപ്പെടുമ്പോഴും സ്വതസിദ്ധമായ നര്‍മ്മത്തിന്‍റെ ബലത്തില്‍ ശ്രദ്ധ നേടുകയാണ് ഹരീഷിന്‍റെ ഷംസു.

ക്ലാരയുടെ അച്ഛന്‍റെ വേഷത്തിലെത്തുന്ന വിജയരാഘവനും റോയിയുടെ അമ്മാവനായെത്തുന്ന അലന്‍സിയറും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ്. സലിം കുമാർ. ചെമ്പിൽ അശോകൻ, റോണി ഡേവിഡ്, ലിയോണ ലിഷോയ് തുടങ്ങിയവരുടെ കഥാപാത്രങ്ങളുടെ കാര്യവും മറിച്ചല്ല. അതിഥി വേഷത്തിലെത്തിയ അശോകനും മാമുക്കോയയും പ്രേക്ഷകനെ രസിപ്പിക്കാതെയാണ് മടങ്ങുന്നത്. അതേസമയം സൗബിൻ ഷാഹിറിന്‍റെ വേഷത്തിലൂടെ എല്ലാ കുടുംബങ്ങളിലും നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരേ മുഖമാണെന്ന് പറയാനും അത് ആവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെടുത്താനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

കുഞ്ചാക്കോ- ഹരീഷ് കൂട്ടുകെട്ടിന്‍റെ നര്‍മ്മമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. പ്രതിസന്ധിയില്‍ അകപ്പെടുന്ന റോയിക്ക് ഐഡിയ പറഞ്ഞുകൊടുത്ത് അപകടത്തിലാക്കുന്നത് ഷംസുവാണ്. എന്നാല്‍ റോയി-ഷംസു കൂട്ടുകെട്ടിന്‍റെ തമാശകള്‍ പ്രക്ഷകനെ ബോറടിപ്പിക്കുന്നതല്ല. കുഞ്ചാക്കോ- ഹരീഷ് കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് പ്രതീക്ഷ വയ്ക്കാവുന്നതാണെന്നും ചിത്രം തെളിയിക്കുന്നു. നായകനും സുഹൃത്തും എപ്പോഴും വിശ്രമിക്കുന്ന പാലമാണ് മാംഗല്യം തന്തുനാനേനയിലെ മറ്റൊരു അവിഭാജ്യ ഘടകം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയാണ് അവതരിപ്പിച്ചതെങ്കിലും പ്രേക്ഷകന് നിരാശ സമ്മാനിക്കുന്നില്ല ചിത്രം.