തിരുവനന്തപുരം: അഭിനയത്തിനും നൃത്തത്തിനുമൊക്കെ ഇടവേള നല്‍കി നടി മഞ്ജുവാര്യര്‍ മായജാലക്കാരിയാകുന്നു. ഇപ്പോള്‍ മാജിക് പഠിക്കുന്ന തിരക്കിലാണ് മലയാളത്തിന്‍റെ പ്രിയ നടി. മാജിക് അക്കാദമിയും യൂണിസെഫും ചേർന്നൊരുക്കുന്ന മാജിക്ക് ഓഫ് മദര്‍ഹുഡ് എന്ന ബോധവത്കരണ മായാജാല പരിപാടിയില്‍ മജീഷ്യയുടെ വേഷത്തില്‍ അരങ്ങു കീഴടക്കുന്നതിനാണ് മഞ്ജുവിന്‍റെ ഒരുക്കം. ഇന്ദ്രജാലക്കാഴ്ചകളുടെ ബാലപാഠങ്ങള്‍ മ‍ഞ്ജുവിന് പരിശീലിപ്പിക്കുന്നത് യൂണിസെഫിന്ഞറെ സെലിബ്രിറ്റി സപ്പോര്‍ട്ടറായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ്.

ഗര്‍ഭാവസ്ഥയിലെ 270 ദിവസങ്ങളിലും ജനിച്ച് 2 വര്‍ഷങ്ങളുമാണ് ഒരു വ്യക്തിയുടെ ഭാവിയില്‍ പ്രധാനമെന്ന് ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ആഹാരം നല്‍കുന്നതിനിനും വാക്സിനേഷനെക്കുറിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്താനാണ് മായാജാലം . അമ്മയുടെയും കുഞ്ഞിന്റെയും ദൃഢബന്ധത്തിന്റെ ആദ്യ ആയിരം ദിനങ്ങളുടെ പ്രാധാന്യം മായക്കാഴ്ചകളിലൂടെ അരങ്ങിലെത്തും. കോയിന്‍ മാജിക് , റോപ് മാജിക് , ഇല്യൂഷന്‍ എന്നിവയാണ് മഞ്ജു അവതരിപ്പിക്കുക. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കില്‍ വെള്ളിയാഴ്ച മഞ്ജുവിന്‍റെ മായാജാല പ്രകടനം അരങ്ങേറും.