മലയാള സിനിമയിൽ വീണ്ടുമൊരു തരംഗം സൃഷ്‍ടിക്കുകയാണ് മമ്മൂട്ടിയുടെ മാസ്റ്റർ പീസ് ടീസർ. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന കോളജ് അധ്യാപകനായി മമ്മൂട്ടി എത്തുന്ന ചിത്രം ഒരു ക്ലീൻ ഫാമിലി എന്റർടെയിനറാണ് എന്നായിരുന്നു അണിയറ പ്രവർത്തകർ നൽകിയിരുന്ന വിവരങ്ങൾ. അത് യഥാർഥ്യമെന്ന് ഉറപ്പിക്കുന്ന വിഷ്വലുകളുമായിട്ടാണ് മാസ്റ്റർ പീസിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്‍ണയുടെ തിരക്കഥ ഒരുക്കുന്ന മാസ്റ്റർ പീസ് അജയ് വാസുദേവാണ് സംവിധാനം ചെയ്‍തിരിക്കുന്നത്.

അടിപൊളി ന്യൂജനറേഷൻ ക്യാംപസിലെ ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടിയെന്ന് ടീസറിൽ വ്യക്തം. മലയാളികളുടെ എക്കാലത്തെയും ഹരമായ സ്വപ്‌നകാമുകന്റെ ശൈലിയിൽ തന്നെയാണ് കോളജിൽ മമ്മൂട്ടിയുടെ ഗെറ്റപ്പ്. പക്കാ ജെന്റിൽമാൻ സ്റ്റൈൽ. തൊട്ടുപിന്നാലെ മുകേഷിന്റെ കഥാപാത്രം നൽകുന്ന വിശേഷണവും ടീസറിലുണ്ട്.

ആളല്പം പിശകാണ് കേട്ടോ...

അപ്പോൾ പിന്നെ ജെന്റിൽമാൻ പിശകായാൽ എങ്ങനെയാവും എന്നതാണ് മാസ്റ്റർ പീസിന്റെ കൗതുകം. ഈ കൗതുകം എന്തെന്ന് അറിയണമെങ്കിൽ ക്രിസ്‍മസ് വരെ കാത്തിരിക്കേണ്ടി വരും. ഇപ്പോൾ തന്നെ യുട്യൂബിൽ തംരംഗമായ ടീസിറിന് പിന്നാലെ മാസറ്റർ പീസിന്റെ ട്രെയിലർ ഉടൻ തന്നെ പുറത്തുവരും.

മമ്മൂട്ടിയുടെ കഥാപാത്രത്തെ കൂടുതൽ ട്രെയിലറിൽ വെളിപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടി വമ്പൻ യുവനിരയ്‌ക്കൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് മാസ്റ്റർ പീസിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, മക്ബുൽ സൽമാൻ, ദിവ്യദർശൻ, ജോൺ, കൈലാഷ് തുടങ്ങി നിരവധി യുവതാരങ്ങളാണ് ചിത്രത്തിലുള്ളത്.

സി എച്ച് മുഹമ്മദ് വടകരയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രിസ്‍മസിന് ചിത്രം റിലീസിനെത്തും.