സ്വന്തം അച്ഛൻ വിവാഹത്തിന് മുൻപ് തന്നെ ഉപേക്ഷിച്ചെന്നും, അതിൽ ദുഃഖമില്ലാതെ താൻ ഇപ്പോൾ സന്തോഷവതിയാണെന്നും അനാമിക വ്യക്തമാക്കി
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. തന്റെ അമ്മയുടെയും അച്ഛന്റെയും വിവാഹമോചനത്തെക്കുറിച്ചും അമ്മ രണ്ടാമത് വിവാഹം ചെയ്തതിനെക്കുറിച്ചും അമ്മയുടെ മരണത്തെക്കുറിച്ചും അനാഥാലയത്തിൽ എത്തിയതിനെക്കുറിച്ചുമെല്ലാം അനാമിക അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയുടെ രണ്ടാം വിവാഹത്തിൽ ഉണ്ടായ അനിയത്തിയെ കുറിച്ചും അച്ഛനെ കുറിച്ചുമുള്ള ചോദ്യങ്ങൾ മറുപടി പറയുകയാണ് അനാമിക.
"എന്റെ കല്യാണം ഉറപ്പിച്ചശേഷം ഞാനും ഉണ്ണിയേട്ടനും കൂടി എന്റെ അനിയത്തിയെ അന്വേഷിച്ചുപോയിരുന്നു. കുറേ അന്വേഷിച്ചിട്ടാണ് അഡ്രസ് കണ്ടെത്തിയതും ചെന്നുകണ്ടതും. ഒത്തിരി അന്വേഷിക്കേണ്ടി വന്നിരുന്നു. കാണാൻ പറ്റാതെ പോകുമോയെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. ഉണ്ണിയേട്ടൻ എനിക്ക് സഹായമായി നിന്നതുകൊണ്ടാണ് എന്റെ അനിയത്തിയെ കാണാൻ സാധിച്ചത്. അവളോട് സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. കല്യാണം കഴിഞ്ഞശേഷവും അവളെ പോയി കണ്ടിരുന്നു. ചേച്ചിയുടെ സ്ഥാനത്തല്ല, ഒരമ്മയുടെ സ്ഥാനത്തു നിന്ന് അവൾക്ക് വേണ്ടതെല്ലാം എന്നാൽ കഴിയും പോലെ ഞാൻ ചെയ്ത് കൊടുത്തു. സ്വന്തം അച്ഛനൊപ്പമാണ് അവളിപ്പോൾ. അവിടെ സേഫാണ്. അതുകൊണ്ട് തന്നെ എനിക്ക് ടെൻഷനടിക്കേണ്ട ആവശ്യമില്ല. അച്ഛനുള്ളതുകൊണ്ട് അവൾ എനിക്കൊപ്പം വരില്ലല്ലോ. എന്റെ അമ്മയുടെ വയറ്റിൽ ജനിച്ച അവളെ ഞാൻ അകറ്റി നിർത്തുകയില്ല.
അമ്മയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. അതിൽ ഒരു കുഞ്ഞുണ്ട്. അവർ ഒരു ഫാമിലിയായി ജീവിക്കുന്നു. സിഡബ്ലുസിയിൽ നിന്നും ഓഡർ കിട്ടിയാൽ മാത്രമെ എന്റെ വിവാഹം നടക്കുമായിരുന്നുള്ളൂ. അതിനായി അച്ഛനെ അവർ കോൺടാക്ട് ചെയ്തിരുന്നു. അങ്ങനൊരു മോളെ എനിക്ക് വേണ്ട. ഇപ്പോൾ എനിക്ക് ഒരു ഫാമിലിയുണ്ട്. അവളെ ഞാൻ നോക്കില്ല. നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്തോളൂ എന്നായിരുന്നു മറുപടി. അതിൽ എനിക്ക് സങ്കടമില്ല. അച്ഛൻ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ഇന്ന് ഹാപ്പിയായി ഇവിടെ ഇരിക്കുന്നു. എന്നെ വേണ്ടെന്ന് പറഞ്ഞ വ്യക്തിയെ ഞാൻ ഇനി അന്വേഷിക്കുകയില്ല'', അനാമിക പറഞ്ഞു.



