ബോക്സ് ഓഫീസില്‍ ഇതിനകം കൗതുകകരമായ പല നേട്ടങ്ങളും ചിത്രം ഉണ്ടാക്കിയിട്ടുണ്ട്
മലയാള സിനിമയുടെ കഴിഞ്ഞ വര്‍ഷം അവസാനിച്ചത് ഒരു ജനപ്രിയ താരത്തിന്‍റെ വന്‍ വിജയത്തിലേക്കുള്ള തിരിച്ചുവരവ് കണ്ടുകൊണ്ടാണ്. നിവിന്‍ പോളിയുടേതായിരുന്നു അത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ എന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരുന്നു. വെറും 10 ദിവസം കൊണ്ടാണ് ഈ നേട്ടം. അതേസമയം ബോക്സ് ഓഫീസില്‍ കൗതുകകരമായ മറ്റ് പല നേട്ടങ്ങളും ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് ആണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. അതും അതിവേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ സര്‍വ്വം മായ.
കേരള ബോക്സ് ഓഫീസിലെ സുപ്രധാന ക്ലബ്ബ്
കേരളത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ 13-ാമത്തെ മലയാള ചിത്രം ആയിരിക്കുകയാണ് സര്‍വ്വം മായ. ഏറ്റവും വേഗത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടുന്ന നാലാമത്തെ മലയാള ചിത്രവും! മോഹന്‍ലാലിന്‍റെ എമ്പുരാന്‍, തുടരും, കല്യാണി ടൈറ്റില്‍ റോളിലെത്തിയ ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്നിവയാണ് സര്‍വ്വം മായയേക്കാള്‍ വേഗത്തില്‍ കേരളത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ മലയാള ചിത്രങ്ങള്‍. വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായെത്തിയ എമ്പുരാന്‍ 5 ദിവസം കൊണ്ടാണ് കേരളത്തില്‍ നിന്ന് 50 കോടി ഗ്രോസ് നേടിയതെങ്കില്‍ തുടരും ഈ നേട്ടം സ്വന്തമാക്കിയത് 8 ദിവസം കൊണ്ടാണ്. ലോക ഈ നേട്ടം 10 ദിവസം കൊണ്ട് സ്വന്തമാക്കിയപ്പോള്‍ സര്‍വ്വം മായയുടെ നേട്ടം 11 ദിവസം കൊണ്ടാണ്.
സോളോ നേട്ടക്കാര്‍
ആടുജീവിതം, 2018, ആവേശം തുടങ്ങിയ ചിത്രങ്ങളെയൊക്കെ വേഗം കൊണ്ട് പിന്നിലാക്കിയിട്ടുണ്ട് നിവിന്‍ പോളി ചിത്രം. ആടുജീവിതം 12 ദിവസം കൊണ്ടും 2018 13 ദിവസം കൊണ്ടും ആവേശം 15 ദിവസം കൊണ്ടുമായിരുന്നു കേരളത്തില്‍ നിന്ന് 50 കോടി നേടിയത്. 2016 ല്‍ പുലിമുരുകന്‍ ആരംഭിച്ച ക്ലബ്ബ് ആണ് ഇത്. പിന്നീട് ലൂസിഫര്‍, ആര്‍ഡിഎക്സ്, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, എആര്‍എം എന്നീ ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കി. സോളോ ഹീറോ, ഹീറോയിന്‍ ആയി ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാണ് നിവിന്‍. മോഹന്‍ലാല്‍, നസ്‍ലെന്‍, പൃഥ്വിരാജ്, ഫഹദ്, ടൊവിനോ, കല്യാണി എന്നിവരാണ് നിവിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

