മാച്ച് ബോക്സ് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ, സ്നേഹം നിറച്ചൊരു കൊച്ചു പെട്ടി. എല്ലാ സ്നേഹത്തിന്റെയും അടിത്തറ പ്രണയമാണ്. മാതാപിതാക്കളോട് തോന്നുന്നതും പ്രണയിനിയോടും കൂട്ടുക്കാരോടും തോന്നുന്നതും പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണ്. പക്ഷെ എല്ലാ സ്നേഹത്തിനു മുന്നിലും, സമൂഹം എത്ര മാറി എന്നു പറഞ്ഞാലും കടന്നു വരുന്ന ചില വിഷയങ്ങൾ ഉണ്ട്. ഈ ആധുനിക കാലഘടത്തിലും സ്നേഹത്തിനു പോലും ജയിക്കാൻ പറ്റാതെ പോകുന്ന ചില ഗൗരവമുള്ള കാര്യങ്ങൾ. എല്ലാത്തിനും അവസാനം സ്നേഹമായിരുന്നു ശരി എന്ന് തിരിച്ചറിയുമ്പോഴേക്കും വൈകി പോയിരിക്കും. ഈ കാര്യങ്ങളൊക്കെയും കോഴിക്കോടിന്റെ സ്നേഹവും, രുചിയും, ഭംഗിയും നല്ല രീതിയിൽ കലർത്തി സ്നേഹം കൊണ്ട് പൊതിഞ്ഞ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്ന ഒരു കൊച്ചു വലിയ പെട്ടിയാണ് മാച്ച് ബോക്സ്.

ഏണസ്റ്റോ നരേന്ദ്രന്‍, പാണ്ടി, വക്കന്‍, കാക്ക എന്നിങ്ങനെ ഒരുകൂട്ടം ചെറുപ്പക്കാരിലൂടെയാണ് മാച്ച് ബോക്‌സ് പുരോഗമിക്കുന്നത്. താൻ കണ്ട സ്വപ്നങ്ങളൊക്കെയും ചുമരിലെ ചിത്രങ്ങളായി അടയാളപ്പെടുത്തി അത് തന്റെ ജീവിതത്തിലേക്ക് പകർത്തുവാൻ എന്തു കഷ്ടപ്പാടും സഹിച്ചും അതിനു വേണ്ടി ഏത് അറ്റവരെ പോകുവാൻ ചങ്കുറപ്പുള്ള കമ്മൂണിസ്റ്റുകാരനായി ഏണസ്റ്റോ നരേന്ദ്രൻ എന്ന അമ്പുവും എന്ത് പ്രശ്നത്തിനും ഉടൻ ഉത്തരം കണ്ടെത്തുവാനും അതിനെ ലളിതമായി കൈകാര്യം ചെയ്യുവാനും കഴിവുള്ളവനായ അശോക് രാജ് എന്ന പാണ്ടിയും വയസ്സുണ്ടെങ്കില്ലും കുട്ടിത്തം മാറാത്ത മനസ്സും ചെറിയ അലസനും മടിയനുമൊക്കെ ആയവനായി വക്കനും. എന്ത് പ്രശ്നം വന്നാലും എത്ര വലിയവനായാലും അത് നേരിടാൻ കഴിവുള്ളവൻ, മിതമായി മാത്രമേ സംസാരിക്കുവെങ്കില്ലും പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയുള്ളവനായ കാക്കയും ഒരുമിക്കുമ്പോഴാണ് സ്‌നേഹസൗഹൃദം വിരിയുന്നത്. ഇവര്‍ക്കൊപ്പം പ്രായത്തിനെക്കാൾ കൂടുതൽ പക്വതയും തിരിച്ചറിവുമുള്ള പെൺകുട്ടിയായി നിധി പി പിള്ളയും വരുന്നതോടെ കഥ മാറുന്നു. നിതി എന്ന നായികയെ അവതരിപ്പിക്കുന്ന് ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലുടെ ശ്രദ്ധേയയായ ദൃശ്യ രഘുനാഥ് ആണ്. റോഷന്‍ മാത്യു, വിശാഖ്, മാത്യൂ ജോയ് മാത്യൂ, ജോ ജോണ്‍ ചാക്കോ, ദൃശ്യ രഘുനാഥ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മ്മിച്ച് ശിവറാം മണി സംവിധാനം ചെയ്‌ത മാച്ച് ബോക്‌സ് നാളെ(സെപ്റ്റംബര്‍ 15ന്) തിയറ്റുകളിലെത്തും.