റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. ടൊവിനോ തോമസ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ തകര്‍പ്പന്‍ ട്രെയിലറിന് ശേഷം മനോഹരമായ ആദ്യ ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. 'ഉയിരിന് നദിയേ' എന്ന ഗാനമാണ് പ്രേക്ഷകര്‍ക്ക് ഹരം പകരുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. റെക്‌സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

 ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രശസ്ത സംവിധായകന്‍ അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയേഷ് മോഹനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മായാനദിയുടെ എഡിറ്റിങ്ങ് സൈജു ശ്രീധരനും വസ്ത്രാലങ്കാരം സമീറാ സനീഷുമാണ്.